അണ്ടത്തോട്(തൃശൂർ): പട്ടാപ്പകൽ അണ്ടത്തോട് സെന്‍ററിൽ ഗുണ്ടാ വിളയാട്ടം. യുവാവിനെ ആളുമാറി ആക്രമിച്ച് തട്ടിക്കൊണ്ടുപോയി. മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വെളിയങ്കോട് തവളക്കുളം സ്വദേശികളായ പാണക്കാട്ട് ജബ്ബാര്‍ (44) മക്കളായ ജാബിര്‍ (23), ജസീബ് (20) എന്നിവരാണ് അറസ്റ്റ്ിലായത്. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തു.
അണ്ടത്തോട് തഖ്‌വ യതീംഖാനക്ക് പടിഞ്ഞാറ് നാറാണത്തയിൽ ഹംസത്തിനെയാണ് (35) വെളിയംകോട് സ്വദേശികളായ അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് അവശനാക്കിയത്. ആന്തരികാവയങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റ ഹംസത്തിനെ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അണ്ടത്തോട് സെന്‍റർ ബീച്ച് റോഡിൽ ഞായറാഴ്ച്ച വൈകുന്നേരമാണ് സംഭവങ്ങളുടെ തുടക്കം. മിനിലോറിയിലെത്തിയ ഗുണ്ടാസംഘം യുവാവിനെ വളഞ്ഞിട്ട് ആക്രമിച്ച് ഭീഷണിപ്പെടുത്തി വലിച്ചിഴച്ചാണ് വാഹനത്തിൽ കയറ്റിക്കൊണ്ടുപോയത്. സംഭവം കണ്ട് നാട്ടുകാർ അന്ധാളിച്ച് നിൽക്കുമ്പോഴാണ് യുവാവിൻ്റെ ഭയന്നു വിറച്ച കരച്ചിലുമായി വാഹനം നീങ്ങിയത്.
വെളിയങ്കോട് അജ്ഞാത കേന്ദ്രത്തിൽ കൊണ്ടു പോയി 10 പേരടങ്ങുന്ന സംഘം നഗ്നനാക്കി വീണ്ടും മർദ്ദിച്ചു. ചോര പുരണ്ട വസ്ത്രങ്ങൾ മാറ്റി പകരം വസ്ത്രം ധരിപ്പിച്ചു. സംഭവമറിഞ്ഞ് വടക്കേക്കാട് പൊലീസ് വാഹനമോടിച്ച ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് അന്വേഷണം നടത്തുന്നതിനിടെ തട്ടിക്കൊണ്ടുപോയ സംഘം ഹംസത്തുമായി പൊലീസ് സ്റ്റേഷനിൽ ഹാജറാവുകയായിരുന്നു.
ചാവക്കാട് താലൂക്ക് ആശുപത്രിയിലെത്തിച്ച ശേഷമാണ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തിൽ നാല് പേർ കസ്റ്റഡിയിലാണ്. ഹംസത്തിനെ ആളുമാറിയാണ് തട്ടിക്കൊണ്ടുപോയതെന്ന് പ്രതികൾ പൊലീസിനോടു പറഞ്ഞു.