വോട്ടെടുപ്പ് ബഹിഷ്കരിക്കുമെന്ന് പറഞ്ഞതെല്ലാം വെറുതെ; കയ്യുമ്മ വോട്ട് ചെയ്തു
text_fieldsചാവക്കാട്: പ്രസിഡൻറ് തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ ബാക്കിയിരിക്കെ ഒരുമനയൂർ പഞ്ചായത്ത് സി.പി.എം വനിത നേതാവ് കെ.എം. കയ്യുമ്മ ടീച്ചറുടെ ഭീഷണിയും ശപഥവും വെറുതെയായി, സി.പി.ഐക്ക് അനുകൂലമായി വോട്ടുചെയ്തു. യു.ഡി.എഫ് നേതൃത്വത്തിൽനിന്ന് എൽ.ഡി.എഫ് പിടിച്ചടക്കിയ ഭരണനേതൃത്വത്തെ ചൊല്ലിയുള്ള തർക്കമാണ് പൊട്ടിത്തെറിയോളമെത്തിയത്.
13 അംഗ പഞ്ചായത്തിൽ ഇത്തവണ എട്ട് സീറ്റുകൾ നേടിയാണ് എൽ.ഡി.എഫ് ഭരണം പിടിച്ചടക്കുന്നത്. എട്ടിൽ മൂന്ന് സി.പി.ഐക്കും ബാക്കി അഞ്ച് സി.പി.എമ്മിനുമാണ്. എന്നാൽ, മുന്നണി ധാരണയനുസരിച്ച് സി.പി.ഐക്ക് പ്രസിഡൻറ് പദവി നൽകുന്നതാണ് കയ്യുമ്മ ടീച്ചർ പ്രതിഷേധിക്കാൻ കാരണം.
രാജിവെക്കാനൊരുങ്ങിയുള്ള അവരുടെ ശബ്ദം സന്ദേശം വൈറലായിരുന്നു. ഇവർ നേരത്തേ ഒരുമനയൂർ പഞ്ചായത്തിലും ചാവക്കാട് ബ്ലോക്ക് പഞ്ചായത്തിലും പ്രസിഡൻറായിരുന്നു. ആ നിലയിൽ ഇപ്രാവശ്യം ഒരുമനയൂരിൽ വീണ്ടും പ്രസിഡൻറ് ഇവർ തന്നെയായിരിക്കുമെന്ന് പ്രചാരണമുണ്ടായിരുന്നു.
മുമ്പ് മുസ്ലിം ലീഗിലായിരിക്കെയാണ് കയ്യുമ്മ ടീച്ചർ പാർട്ടി വിട്ട് സി.പി.എമ്മിലെത്തിയത്. കയ്യുമ്മ ടീച്ചറുടെ നിലപാട് എൽ.ഡി.എഫ് കേന്ദ്രങ്ങളിൽ വലിയ ഞെട്ടലുണ്ടാക്കിയെങ്കിലും ബുധനാഴ്ച നടന്ന പഞ്ചായത്ത് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ടീച്ചർ അനുസരണയുള്ള വിദ്യാർഥിയായി വോട്ടു ചെയ്തു. കേരള കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം കൂടിയാണ് അവർ.

