മുക്കുപണ്ടം പണയംവെച്ച് നാലര ലക്ഷം തട്ടി മുങ്ങിയയാൾ അറസ്റ്റിൽ
text_fieldsചാവക്കാട്: മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയെടുത്ത കേസിൽ പ്രതി പിടിയിൽ. കടപ്പുറം മാട്ടുമ്മല്‍ കായക്കോല്‍ വീട്ടില്‍ മുജീബ് റഹ്മാനെയാണ് (36) ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. വയനാട് ജില്ലയിലെ വെള്ളിമുണ്ടയില്‍നിന്നാണ് ഇയാളെ പിടികൂടിയത്. കാര്‍ഷികാവശ്യത്തിനെന്ന് കാണിച്ച് ബാങ്കില്‍നിന്ന് 26 പവന്‍ തൂക്കത്തിന്റെ മുക്കുപണ്ടം പണയം വെച്ച് നാലര ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്.
2019ലാണ് കാര്‍ഷിക വായ്പയെന്ന നിലയില്‍ മുക്കുപണ്ടം പണയംവെച്ച് മുജീബ് റഹ്മാൻ പണം കൈവശപ്പെടുത്തിയത്. എന്നാല്‍, പണയപ്പണ്ടം തിരിച്ചെടുക്കുകയോ വായ്പ പുതുക്കുകയോ ചെയ്യാത്തതിനെ തുടര്‍ന്ന് ഇയാളെ തേടി ബാങ്ക് അധികൃതര്‍ മാട്ടുമ്മലിലെ വീട്ടിലെത്തി അന്വേഷണം നടത്തി.
ഇതില്‍ ഇയാള്‍ കുറേ നാളായി നാട്ടില്‍ വരാറില്ലെന്ന് മനസ്സിലായി. തുടര്‍ന്ന് പണയപ്പണ്ടം ലേലത്തിന് വെക്കുകയും വീണ്ടും പരിശോധിക്കുകയും ചെയ്തപ്പോഴാണ് പണയാഭരണങ്ങള്‍ ഒരു ഗ്രാം സ്വർണത്തിൽ പൊതിഞ്ഞ മുക്കുപണ്ടങ്ങളാണെന്ന് വ്യക്തമായത്. പരാതി നൽകിയതിനെ തുടർന്ന് ചാവക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ഇയാൾ വയനാട് വെള്ളിമുണ്ടയില്‍ ഒളിവിലാണെന്ന് മനസ്സിലായത്. സമാന രീതിയില്‍ മറ്റ് ബാങ്കുകളിലും പ്രതി തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ചാവക്കാട് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.