കളിക്കളത്തിൽ ഷൈബിെൻറ വിസിൽ മുഴക്കം: ഗ്രാമത്തിന് അഭിമാനം
text_fieldsഷൈബിൻ
പെരുമ്പിലാവ്: ചാലിശ്ശേരി ജി.സി.സി ക്ലബ് അംഗമായ ഷൈബിൻ കേരള ഫുട്ബാൾ അസോസിയേഷന് കീഴിൽ റഫറിയായി തെരഞ്ഞെടുക്കപ്പെട്ടത് ഗ്രാമത്തിന് അഭിമാനമായി.
തൃശൂരിൽ നടന്ന കേരള വനിത ലീഗ് ഫുട്ബാളിൽ കടത്തനാട് രാജ എഫ്.എ-ഡോൺ ബോസ്കോ മത്സരമാണ് 25കാരൻ ആദ്യമായി നിയന്ത്രിച്ചത്. ചാലിശ്ശേരി കുന്നത്തേരി പരുവിങ്ങൽ വീട്ടിൽ സിദ്ദീഖ്-ആമിന ദമ്പതിമാരുടെ മൂന്നാമത്തെ മകനാണ്.
ചെറുപ്രായത്തിലേ ഷൈബിന് ഫുട്ബാൾ കളിയിൽ പ്രിയമായിരുന്നു. ഹൈസ്കൂൾ, കോളജ് പഠനകാലയളവിൽ പെരിങ്ങോട് സ്കൂൾ ടീം, ഈവനിങ് ടീം, ഗുരുവായൂർ ശ്രീകൃഷ്ണ കോളജ് ടീമുകളിലൂടെ കളിച്ചു കയറി. ആറ് വർഷത്തിലധികമായി ജി.സി.സി ക്ലബിെൻറ മികച്ച കളിക്കാരനാണ്. തമിഴ്നാട് ദിണ്ഡിഗലിൽനിന്ന് ഫിസിക്കൽ എജുക്കേഷൻ പരീക്ഷ പാസായി. കാറ്റഗറി അഞ്ചിൽ പ്രവേശിച്ച് നാലുവർഷമായി ഡി സോൺ മത്സരങ്ങളിലും കഴിഞ്ഞ വർഷം ഇൻറർസോൺ കളിയും നിയന്ത്രിച്ചിരുന്നു.
റഫറിയിങ് പ്രമോഷൻ ടെസ്റ്റിൽ പാസായാണ് കാറ്റഗറി നാലിലെത്തി കെ.എഫ്.എക്ക് കീഴിലെത്തിയത്. ഒരുമാസം നീളുന്ന കേരള വനിത ലീഗ് മത്സരം നിയന്ത്രിക്കാൻ ഷൈബിന് ലഭിച്ച നേട്ടത്തിൽ കുടുംബത്തോടൊപ്പം ഗ്രാമവും ക്ലബ് അംഗങ്ങളും ഏറെ സന്തോഷത്തിലാണ്. ഫിഫ റഫറിയാകാൻ മോഹമുള്ള ഷൈബിന് ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെയെന്ന പ്രാർഥനയിലാണ് സുഹൃത്തുക്കൾ.