ചാലിശേരിയിലെ ഹൈടെക് ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നിട്ട് വർഷങ്ങൾ
text_fieldsചാലിശേരി സ്കൂളിന് മുന്നിലെ സംസ്ഥാനത്തെ ആദ്യത്തെ ഹൈടെക് ബസ് കാത്തിരിപ്പ് കേന്ദ്രം
തകർന്ന നിലയിൽ
പെരുമ്പിലാവ്: വിദ്യാർഥികൾക്ക് ഏറെ ആശ്രയമായിരുന്ന ചാലിശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്ന നിലയിൽ തന്നെ. വർഷങ്ങൾ പിന്നിട്ടിട്ടും സംസ്ഥാനത്തെ ഹൈടെക് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് ശാപമോക്ഷമായില്ല. 2015-16ൽ അന്നത്തെ എം.എൽ.എ വി.ടി. ബൽറാം നടപ്പാക്കിയ സ്മൈൽ തൃത്താല പദ്ധതിയുടെ ഭാഗമായി നിർമിച്ച സംസ്ഥാനത്തെ ആദ്യത്തെ ഹൈടെക് കാത്തിരിപ്പ് കേന്ദ്രമാണിത്. അന്നത്തെ ടൂറിസം മന്ത്രി എ.പി. അനിൽകുമാറാണ് ഉദ്ഘാടനം ചെയ്തത്. ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച ഹൈടെക് കാത്തിരിപ്പ് കേന്ദ്രത്തിലെ എഫ്.എം റേഡിയോ, വൈ ഫൈ, സോളാർ വൈദ്യുതി ഉപയോഗിച്ചുള്ള ലൈറ്റ് എന്നിവ ഉദ്ഘാടനം കഴിഞ്ഞ് ഒന്നര വർഷത്തിനകം തന്നെ തകരാറിലായി. 2019 ജൂണിൽ വലിയ ബോർഡും തകർന്നു.
പഞ്ചായത്ത് അധികൃതർ ബസ് കാത്തിരിപ്പ് കേന്ദ്രം പുനർനിർമിക്കുമെന്ന് പറയുന്നത് പതിവായെങ്കിലും നടപടി മാത്രമുണ്ടായില്ല. നിലവിൽ കാത്തിരിപ്പ് കേന്ദ്രത്തിന്റെ മേൽക്കൂരയിലെ ഷീറ്റും സീലിങ്ങും ഇരിപ്പിടവും തകർന്ന് തരിപ്പണമായി. കാത്തിരിപ്പ് കേന്ദ്രത്തിൽ എത്തുന്നവർ കുടയുമായി വന്നെങ്കില്ലേ മഴ നനയാതെ നിൽക്കാനാകൂ. എൽ.പി, ഹൈസ്കൂൾ, പ്ലസ്ടു വിഭാഗങ്ങളിലായി 3000ലധികം വിദ്യാർഥികൾക്കും അധ്യാപകർക്കും പ്രധാന അടക്ക വിപണ കേന്ദ്രത്തിലേക്കും എത്തുന്നവരുടെയും ആശ്രയമായിരുന്നു ഈ കേന്ദ്രം.
സ്റ്റീൽ നിർമിത ഇരിപ്പിടങ്ങളുടെ സ്ഥാനത്ത് കുത്തി നാട്ടിയ ഏഴു ഇരുമ്പുകമ്പികൾ മാത്രമാണ് ഇപ്പോഴുള്ളത്. നന്നാക്കാൻ അധികൃതർ തയാറാവുന്നില്ലെങ്കിൽ അപകടമൊഴിവാക്കാൻ അവശേഷിക്കുന്ന ഭാഗങ്ങൾ പൊളിച്ചുനീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അതേസമയം, നവീകരണത്തിന് ആവശ്യമായ ഫണ്ട് പഞ്ചായത്ത് വകയിരുത്തിയിട്ടുണ്ടെന്നും ഉടൻ പുനർനിർമാണം നടത്തുമെന്നും ചാലിശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് വിജേഷ് കുട്ടൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

