യു.ഡി.എഫിൽ ചാലക്കുടിക്കാരനെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യം
text_fieldsചാലക്കുടി: നിയമസഭ തെരഞ്ഞെടുപ്പിൽ ചാലക്കുടിക്കാരനായ കോൺഗ്രസ് സ്ഥാനാർഥി തന്നെ വേണമെന്ന ആവശ്യം യു.ഡി.എഫിൽ ശക്തമാകുന്നു. നിയമസഭയുടെ ചരിത്രത്തിൽ ഒരു തവണയൊഴിച്ച് ഇതുവരെ ചാലക്കുടിക്കാരെ കോൺഗ്രസ് സ്ഥാനാർഥിയായി പരിഗണിച്ചിട്ടില്ലെന്നാണ് പരാതി.
ഇത്തവണയും മുകളിൽ രു ചാലക്കുടിക്കാരനല്ലാത്ത ഒരാളെ കോൺഗ്രസ് നിയമസഭ സ്ഥാനാർഥിയാക്കിയെങ്കിൽ പ്രവർത്തിക്കാൻ അവരുടെ നാട്ടിൽ നിന്ന് പ്രവർത്തകരെ കൊണ്ടുവരണമെന്ന് ചാലക്കുടിക്കാരായ കോൺഗ്രസ് പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു. പടിഞ്ഞാറേ ചാലക്കുടിയിലെ പത്തോളം ബൂത്തുകളിലെ പ്രവർത്തകർ ഈ വികാരം തുറന്നടിച്ച് രംഗത്ത് വന്നു. മുൻ നഗരസഭ അംഗങ്ങളായ ബൂത്ത് നേതാക്കളാണ് പരസ്യമായി നിലപാടുമായി രംഗത്തെത്തിയിട്ടുള്ളത്.
ബി.ഡി. ദേവസി ഇത്തവണ ഇടതുപക്ഷ സ്ഥാനാർഥിയായി രംഗത്തുണ്ടാവില്ല എന്ന തീരുമാനം ചാലക്കുടിയിലെ കോൺഗ്രസുകാരിൽ പുതിയ ആവേശം ഉണർത്തിയിട്ടുണ്ട്. നേതൃത്വം മുകളിൽ നിന്ന് ഇത്തവണയും സ്ഥാനാർഥിയെ ഇറക്കിയില്ലെങ്കിൽ കോൺഗ്രസ് വിജയിക്കുമെന്നാണ് ഇവരുടെ വികാരം.
ഇരിങ്ങാലക്കുടക്കാരിയായ സാവിത്രി ലക്ഷ്മണൻ, അങ്കമാലിക്കാരനായ കെ.ടി. ബെന്നി, മാളക്കാരനായ ടി.യു. രാധാകൃഷ്ണൻ എന്നിവർ ചാലക്കുടിക്കാരല്ലാത്തതു കൊണ്ടാണ് പരാജയപ്പെട്ടത് എന്ന് ഇവർ വാദിക്കുന്നു. അതുകൊണ്ട് ഇത്തവണയും ഇറക്കുമതി സ്ഥാനാർഥിയെ നിർത്തിയാൽ കഴിഞ്ഞ തവണകളിലെ പരാജയം ആവർത്തിക്കുമെന്നാണ് വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

