കരിക്കാട്ടോളിയിൽ കാട്ടാന വിളയാട്ടം
text_fieldsകരിക്കാട്ടോളിയിൽ കാട്ടാന നശിപ്പിച്ച കൃഷിയിടം
ചാലക്കുടി: കോടശ്ശേരി പഞ്ചായത്തിലെ ആറാം വാർഡിലെ കരിക്കാട്ടോളിയിൽ കൃഷിയിടങ്ങളിൽ രാവും പകലും സംഹാര താണ്ഡവമാടി കാട്ടാനക്കൂട്ടം. വെള്ളിക്കുളങ്ങര പള്ളിയോട് തൊട്ട് ചേർന്നു കിടക്കുന്ന പറമ്പുകളിലാണ് കാട്ടാനകളുടെ വിളയാട്ടം. കളമ്പാടൻ ജോസഫിന്റെ 55 ഓളം കമുകുകളും 17 ചൊട്ടയിട്ട തെങ്ങുകളും വാഴകളും കഴിഞ്ഞ ദിവസം നശിപ്പിച്ചു. തുടർച്ചയായ കാട്ടാന ആക്രമണത്തിൽ ജോസഫിന്റെ പുരയിടത്തിലെ തെങ്ങുകൾ പൂർണമായും ഇല്ലാതാകുന്ന അവസ്ഥയിലാണ്.
സമീപത്തെ ഗോപിയുടെ വീടിനോട് ചേർന്ന 20 ഓളം വാഴകളും രണ്ട് കമുകുകളും നശിപ്പിച്ചു. വരിക്കപ്പിള്ളി ശരണ്യയുടെ വീട്ടുമുറ്റത്തും കാട്ടാനകളെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. കണ്ണമ്പുഴ ഡേവിസിന്റെ പറമ്പിൽ കയറിയ കാട്ടാനകൾ മതിലിന്റെ ഗേറ്റ് ചവിട്ടി തകർത്തു. മൂന്ന് ദിവസമായി പറമ്പുകൾക്ക് സമീപത്തെ വനമേഖലയിൽ ഇവ തമ്പടിച്ചിരിക്കുകയാണ്. കാട്ടാനകളുടെ അലർച്ചയും മരങ്ങൾ തട്ടിവീഴ്ത്തുന്ന ശബ്ദങ്ങളും കേട്ട് പ്രദേശവാസികൾ പേടിച്ച് കഴിയുകയാണ്.
നാട്ടുകാർ കാവൽ നിൽക്കുന്നുണ്ടെങ്കിലും അവസരം കിട്ടിയാൽ ഉടനെ അവ പറമ്പുകളിലേക്ക് കയറുകയാണ്. പല പറമ്പുകളിലെയും ഭൂരിഭാഗം ഫലവൃക്ഷങ്ങളും നശിപ്പിച്ചിട്ടുണ്ട്. ചാലക്കുടി ഡി.എഫ്.ഒ വിന് കീഴിലുള്ള പ്രദേശമാണിത്. എന്നാൽ പരാതി പറഞ്ഞിട്ടും വനപാലകർ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.