വനിത എസ്.ഐക്ക് ഭീഷണി; യുവാക്കൾ അറസ്റ്റിൽ
text_fieldsകിരൺ, സജിൽ
അന്തിക്കാട്: റോഡ് തടസ്സപ്പെടുത്തി കാർ പാർക്ക് ചെയ്തത് മാറ്റാൻ ആവശ്യപ്പെട്ട അന്തിക്കാട് വനിത എസ്.ഐയുടെ ജോലി തടസ്സപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന കേസിൽ രണ്ടുപേരെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.
കണ്ടശ്ശാംകടവ് കരിക്കൊടി സ്വദേശികളായ വല്ലത്ത്പറമ്പിൽ സജിൽ (34), മാങ്കുഴി കിരൺ (23) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ കാർ തിങ്കളാഴ്ച വൈകീട്ട് നാലോടെ അന്തിക്കാട് ബിവറേജസ് ഷോപ്പിനു മുന്നിലെ റോഡ് ഗതാഗതം തടസ്സപ്പെടുംവിധം പാർക്ക് ചെയ്ത് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട അന്തിക്കാട് എസ്.ഐ സി. ഐശ്വര്യ കാർ റോഡിൽനിന്ന് മാറ്റാൻ ആവശ്യപ്പെട്ടു. ഇതോടെ എസ്.ഐയോട് കയർത്തു. കാറിന്റെ താക്കോൽ ആവശ്യപ്പെട്ടെങ്കിലും യുവാക്കൾ താക്കോൽ നൽകിയില്ല. എസ്.ഐയെ ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് അന്തിക്കാട് പ്രിൻസിപ്പൽ എസ്.ഐ എ. ഹബീബിന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് സ്ഥലത്തെത്തി ബലം പ്രയോഗിച്ച് കാറിന്റെ താക്കോൽ പിടിച്ചുവാങ്ങി വാഹനം സ്റ്റേഷനിലെത്തിച്ചു.
ഗതാഗത തടസ്സം ഉണ്ടാക്കിയതിനും വനിത പൊലീസ് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തി ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനുമാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

