ഭാര്യയെ ആക്രമിച്ച് ഒളിവിൽ പോയ ആൾ ആറുവർഷത്തിനുശേഷം പിടിയിൽ
text_fieldsഷാജൻ
ചാലക്കുടി: വെള്ളിക്കുളങ്ങര കിഴക്കേ കോടാലിയിൽ ഭാര്യയെ ക്രൂരമായി ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന ആളെ പൊലീസ് പിടികൂടി. കിഴക്കേ കോടാലി ഈശ്വരമംഗലത്ത് വീട്ടിൽ ഷാജനാണ് (49) അറസ്റ്റിലായത്. ചാലക്കുടി ഡിവൈ.എസ്.പി സി.ആർ. സന്തോഷിന്റെ നേതൃത്വത്തിെല സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
2015 ഒക്ടോബർ നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. നിസ്സാര കാര്യത്തിന് വഴക്കുണ്ടാക്കിയ ഷാജൻ ഭാര്യയെ ക്രൂരമായി മർദിച്ച് അവശയാക്കിയ ശേഷം വീട്ടിൽനിന്ന് മുങ്ങുകയായിരുന്നു. മുഖത്തും മറ്റും മാരക മുറിവേറ്റ യുവതിയുടെ നാല് പല്ലും ഷാജന്റെ ആക്രമണത്തിൽ നഷ്ടപ്പെട്ടിരുന്നു.
സംഭവം അറിഞ്ഞെത്തിയ പൊലീസ് യുവതിയെ ആശുപത്രിയിലാക്കിയ ശേഷം കേസെടുത്ത് അന്വേഷണം നടത്തിയപ്പോഴാണ് ഇയാൾ മുങ്ങിയത്. വടപളനിയിൽനിന്നാണ് പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. അവിടെ മറ്റൊരു വിവാഹവും കഴിച്ച് കഴിഞ്ഞുകൂടുകയായിരുന്നു.

