ചാലക്കുടിയിൽ റേഷൻ വിതരണത്തിൽ ഗുരുതര വീഴ്ച -വിജിലൻസ് കമ്മിറ്റി
text_fieldsചാലക്കുടി: ചാലക്കുടി താലൂക്ക് സപ്ലൈ ഓഫീസിന് കീഴിലുള്ള റേഷൻ കടകളിലേക്ക് റേഷൻ എത്തിക്കുന്നതിൽ ഗുരുതരമായ വീഴ്ച വരുന്നതായി റേഷൻ വിതരണവുമായി ബന്ധപ്പെട്ട വിജിലൻസ് കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.
ഓരോ മാസവും പതിനഞ്ചാം തീയതിക്കകം റേഷൻ കടയിൽ എത്തിക്കേണ്ട അരിയും മറ്റ് ഭക്ഷ്യ സാധനങ്ങളും മാസാവസാനത്തോടെയാണ് റേഷൻ കടകളിലേക്ക് എത്തിക്കുന്നത്. ഇതുമൂലം ജനങ്ങൾക്ക് റേഷൻ നൽകുന്നതിൽ വലിയ കാലതാമസം വരുന്നു.
ഇക്കാര്യത്തിൽ ബന്ധപ്പെട്ട അധികാരികൾ അടിയന്തിരമായി ഇടപെടണമെന്നും വിതരണം കാലതാമസം ഇല്ലാതെ റേഷൻ വിതരണമ നടത്തണമെന്നും വിജിലൻസ് കമ്മിറ്റി ആവശ്യപ്പെട്ടു.
ചാലക്കുടി താലൂക്ക് സപ്ലൈ ഓഫിസിന് കീഴിൽ വരുന്ന 189 റേഷൻ കടകളിലേക്ക് റേഷൻ എത്തിക്കുന്നതിൽ കരാറുകാരൻ കാണിക്കുന്ന അലംഭാവവും ധിക്കാരപരമായ നടപടികളും റേഷൻ വിതരണത്തെ കാര്യമായി ബാധിക്കുന്നുണ്ടെന്നും ഇത് തുടരാൻ കഴിയില്ലെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.
ഈ മാസം രണ്ടാഴ്ച പിന്നിട്ടിട്ടും ഇരുപതോളം റേഷൻ കടകളിലേക്ക് മാത്രമേ ഇതുവരെ കരാറുകാരൻ റേഷൻ എത്തിച്ചിട്ടുള്ളൂ. സാധാരണ എല്ലാ മാസങ്ങളിലും മാസാവസാനത്തോടെയാണ് റേഷൻ എത്തിക്കുന്നത്. പലതവണ ബന്ധപ്പെട്ട അധികാരികളോട് റേഷൻ കടക്കാർ ഇക്കാര്യം അറിയിച്ചിട്ടും പരിഹാരം ഉണ്ടാകുന്നില്ലെന്നും ജില്ല കലക്ടർ ഉൾപ്പെടെയുള്ള അധികാരികൾക്ക് ഇത് സംബന്ധിച്ച് വിജിലൻസ് കമ്മിറ്റിയുടെ അഭിപ്രായവും തീരുമാനവും അറിയിക്കാനും തീരുമാനിച്ചു.
വിജിലൻസ് കമ്മിറ്റി ചെയർമാനും നഗരസഭ ചെയർപേഴ്സനുമായ ഷിബു വാലപ്പൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൻ സി. ശ്രീദേവി, കൗൺസിലർമാരായ ആലീസ് ഷിബു, പ്രീതി ബാബു, കെ.പി. ബാലൻ, റേഷൻ ഇൻസ്പെക്ടർ കുമാരൻ, ജോർജ്ജ് കല്ലിങ്ങൽ, കെ.എ. വേണു, എ.കെ. ജെയ്സൻ , കെ.ടി. ജോണി, അരുൺകുമാർ, പി.എസ്.ധനേഷ്, അരുൺ വർഗീസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

