പരിസരവാസികൾക്ക് ആശ്വാസം; ചാലക്കുടിപ്പുഴയിലേക്ക് അധികജലം തുറന്നുവിടും
text_fieldsചാലക്കുടിപ്പുഴ
ചാലക്കുടി: ചാലക്കുടിപ്പുഴയോരത്തെ വരൾച്ചക്ക് ചെറിയ ആശ്വാസം പകർന്ന് പ്രതിദിനം ചെറിയ അളവിൽ ജലം മുകൾത്തട്ടിലെ അണക്കെട്ടുകളിൽനിന്ന് തുറന്നുവിടാൻ തീരുമാനം. പ്രതിദിനം 0.6 എം.സി.എം അളവിൽ അധികജലം ചാലക്കുടിപ്പുഴയിലേക്ക് തുറന്നുവിടാൻ കെ.എസ്.ഇ.ബി അധികൃതർ തീരുമാനിച്ചു. 10 ദിവസത്തേക്കാണ് ഇത്.
വൈദ്യുതി ഉൽപാദനത്തിന്റെ ഭാഗമായി നിയന്ത്രിതമായ നിലയിൽ പുഴയിലേക്ക് വെള്ളം എത്തുന്നുണ്ടെങ്കിലും വേനൽ കടുത്തതോടെ അപര്യാപ്തമായി. ഇതേതുടർന്ന് വരൾച്ച പരിഹരിക്കാൻ വൈദ്യുതി ഉൽപാദനത്തിന് പുറമേ വെള്ളം തുറന്നുവിടണമെന്ന ആവശ്യം ശക്തമായി.
ചാലക്കുടിപ്പുഴയെ ആശ്രയിച്ചുള്ള ചാലക്കുടി റിവർ ഡൈവേർഷൻ സ്കീം ഉൾെപ്പടെയുള്ള ജലസേചന പദ്ധതികളും പ്രദേശങ്ങളിൽ നേരിടുന്ന രൂക്ഷമായ കുടിവെള്ളക്ഷാമവും മുഖ്യമന്ത്രിയെയും വൈദ്യുതി മന്ത്രിയെയും നേരിൽകണ്ട് സനീഷ് കുമാർ ജോസഫ് എം.എൽ.എ അടക്കമുള്ളവരും ചാലക്കുടിപ്പുഴ സംരക്ഷണ സമിതിയടക്കമുള്ള സംഘടനകളും ബോധ്യപ്പെടുത്തിയിരുന്നു. ഇതേതുടർന്നാണ് വെള്ളം തുറന്നുവിടാൻ തീരുമാനിച്ചത്.