വിനോദ സഞ്ചാരികൾക്ക് പരിയാരത്ത് വഴിയോര വിശ്രമകേന്ദ്രം ഒരുങ്ങി
text_fieldsപരിയാരത്ത് നിർമാണം പൂർത്തിയായ ടേക്ക് എ ബ്രേക്ക് വിശ്രമ കേന്ദ്രം
ചാലക്കുടി: അതിരപ്പിള്ളി വിനോദ സഞ്ചാരികൾക്ക് സൗകര്യമൊരുക്കാൻ പരിയാരത്ത് ടേക്ക് എ ബ്രേക്ക് തയാറായി. എല്ലാ സൗകര്യങ്ങളും ഒരുക്കിയതിനാൽ വൈകാതെ അടുത്തദിവസങ്ങളിലായി തുറന്നുകൊടുത്തേക്കും. പരിയാരം പഞ്ചായത്തിലെ പൂവ്വത്തിങ്കൽ കപ്പത്തോട് പാലത്തിന് സമീപമാണ് ഇത് നിർമിച്ചത്. വിനോദ സഞ്ചാരികളുടെ വാഹനങ്ങൾ നിർത്തിയിടാനും ഏറെ സൗകര്യപ്രദമാണ്. വിശ്രമമുറിയും ഒരു വിപണന കേന്ദ്രവുമാണ് ഇതിൽ അടങ്ങുന്നത്.
ശുചിമുറി സൗകര്യവുമുണ്ട്. 472 ചതുരശ്ര അടി വിസ്തൃതിയാണ് ഉള്ളത്. ശുചിത്വ മിഷന്റെ ഫണ്ടിൽനിന്ന് 23 ലക്ഷത്തോളം തുക ചെലവഴിച്ചാണ് നിർമിച്ചത്. വൈദ്യുതി സൗകര്യം ലഭിച്ചുകഴിഞ്ഞു. റോഡ് മുറിച്ച് വാട്ടർ അതോറിറ്റി കണക്ഷൻ കിട്ടിയിട്ടില്ലെങ്കിലും വെള്ളത്തിനുള്ള സംവിധാനവും ചെയ്തിട്ടുണ്ട്. പ്രവർത്തനം കുടുംബശ്രീയെ ഏൽപിക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.

