ഭരണത്തുടർച്ചക്ക് എൽ.ഡി.എഫ് പിടിച്ചെടുക്കാൻ യു.ഡി.എഫ്
text_fieldsചാലക്കുടി: കാർഷിക ഗ്രാമമായ പരിയാരം വാശിയേറിയ മത്സരത്തിന് വേദിയാവുകയാണ്. 2015ലെ തെരഞ്ഞെടുപ്പിൽ 15 വാർഡുകളിൽ 10 ഉം നേടി കൊണ്ടാണ് എൽ.ഡി.എഫ് ഭരണ തുടർച്ച ഉണ്ടാക്കിയത്.
2025ൽ 15 വാർഡുകൾ ഉണ്ടായിരുന്നത് ഇപ്പോൾ 17 ആയി ഉയർന്നിട്ടുണ്ട്. എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ മുന്നണികൾ മത്സര രംഗത്ത് സജീവമാണ്. നിലവിൽ ഭരണത്തിലുള്ള എൽ.ഡി.എഫ് തുടർച്ചയായ മൂന്നാമൂഴത്തിനാണ് മത്സരിക്കുന്നത്. കഴിഞ്ഞ രണ്ടു തവണകളായി കൈവിട്ടു പോയ ഭരണം തിരിച്ചുപിടിക്കാനാണ് യു.ഡി.എഫ് പോരാട്ടം. യു.ഡി.എഫിനും എൽ.ഡി.എഫിനും ഇത്തവണയും വിമത സ്ഥാനാർഥികളുടെ ഭീഷണിയുണ്ട്.
അഞ്ചാം വാർഡ് ചങ്കൻകുറ്റിയിൽ യു.ഡി.എഫ് സ്ഥാനാർഥി സ്മിതാ ജോയിക്ക് റിബലായി രംഗത്തെത്തിയ ജാൻസി ജോസഫിന് എൽ.ഡി.എഫ് പിന്തുണ നൽകി. എൻ.ഡി.എ സ്ഥാനാർഥി രേഷ്മ അനൂപ് അടക്കം ആകെ മൂന്ന് സ്ഥാനാർഥികളാണ് മത്സര രംഗത്ത്. വാർഡ് 10 കാഞ്ഞിരപ്പിള്ളിയിൽ അഞ്ച് മത്സരാർഥികൾ ഉണ്ട്. സി.പി.എമ്മിന്റെ സ്ഥാനാർഥി എം.സി. വിഷ്ണുവിനെതിരെ മുൻ പഞ്ചായത്ത് അംഗമായിരുന്ന ഷീബ ഡേവിസ് വിമത സ്ഥാനാർഥിയായി മത്സര രംഗത്തുണ്ട്. മാത്തച്ചൻ മൂത്തേടത്താണ് കോൺഗ്രസ് സ്ഥാനാർഥി.
മേഴ്സി ആൻറു എൻ.ഡി.എ സ്ഥാനാർഥിയായി രംഗത്തുണ്ട്. ഇവിടെയും അഞ്ച് സ്ഥാനാർഥികൾ മത്സര രംഗത്തുണ്ട്. വാർഡ് 13 തൂമ്പാക്കോട് കോൺഗ്രസ് സ്ഥാനാർഥിക്ക് രണ്ട് റിബൽ സ്ഥാനാർഥികളാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഇവിടെയും അഞ്ചു പേർ മത്സര രംഗത്തുണ്ട്. യു.ഡി.എഫിന്റെ ഔദ്യോഗിക സ്ഥാനാർഥിയായ എം.എൽ. ജോസഫ് മുണ്ടൻ മാണിക്കെതിരെ പോളി മോറേലി, തോമസ് കരിപ്പായി എന്നിങ്ങനെ രണ്ട് വിമതർ രംഗത്തുണ്ട്. കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെ ജിമ്മി മാസ്റ്റർ പയ്യപ്പിളളിയാണ് എൽ.ഡി.എഫ് സ്ഥാനാർഥി. എൻ.ഡി.എയുടെ പ്രദീപ് കുമാറും രംഗത്തുണ്ട്.
വാർഡ് 17 കടുങ്ങാട് എൽ.ഡി.എഫ് സ്ഥാനാർഥിയായ ജോയ് പായപ്പനെതിരെ സി.പി.എമ്മിന്റെ പഴയ ലോക്കൽ കമ്മിറ്റി അംഗമായ ടി.ജെ. തങ്കച്ചൻ താക്കോൽക്കാരൻ റിബൽ സ്ഥാനാർഥിയായി മത്സരിക്കുന്നു. പോളി വടക്കുമ്പാടൻ യു.ഡി.എഫ് സ്ഥാനാർഥിയായും എം.കെ. ബിജു എൻ.ഡി.എ സ്ഥാനാർഥിയായും മത്സരിക്കുന്നു.
പരിയാരത്തിന്റെ അടിയൊഴുക്കുകൾ പ്രധാനമാണ്. ജയിക്കാൻ മാത്രമല്ല, തോൽപ്പിക്കാൻ വേണ്ടിയും ചിലർ മത്സരിക്കുന്നു. അതുകൊണ്ട് തന്നെ അഞ്ച് സ്ഥാനാർഥികൾ വീതം മത്സരിക്കുന്ന 10, 13, 17 വാർഡുകളിൽ ആരു തോൽക്കും വിജയിക്കുമെന്ന് പറയാനാവില്ല. ഒന്ന്, രണ്ട്, മൂന്ന്, അഞ്ച്, ഏഴ്, ഒൻപത്, 11, 14 വാർഡുകളിൽ മൂന്ന് മുന്നണികൾ തമ്മിലുള്ള ത്രികോണ മത്സരമാണ്. നാല്, ആറ്, എട്ട്, 15, 12 വാർഡുകളിൽ യു.ഡി.എഫും എൽ.ഡി.എഫും മാത്രം തമ്മിലുള്ള ബലപരീക്ഷണമാണ്. വാർഡ് 12 ൽ ചതുഷ്കോണ മത്സരമാണ്. ഭരണവിരുദ്ധ വികാരം മുതലെടുത്ത് ഭരണം പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്.
എന്നാൽ ഇതുവരെയും ഇടതുഭരണത്തിനെതിരെ വികാരമുണർത്തുന്ന പ്രതിഷേധങ്ങൾ കാര്യമായി പഞ്ചായത്തിൽ സംഘടിപ്പിക്കാനായിട്ടില്ല. എൽ.ഡി.എഫ് മൂന്നാംവട്ടവും ഭരണ തുടർച്ചയുണ്ടാക്കാനുള്ള പരിശ്രമത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

