ക്ഷേത്രത്തിന് സമീപം മാലിന്യം തള്ളിയ കേസ്; മൂന്നുപേർ പിടിയിൽ
text_fieldsപിടിയിലായ പ്രതികൾ
ചാലക്കുടി: ആരാധനാലയത്തോട് ചേർന്ന വഴിയിൽ മാലിന്യം തള്ളിയ കേസിലെ പ്രതികൾ അറസ്റ്റിൽ. ചാലക്കുടി സൗത്ത് കുരിശ് ജങ്ഷന് സമീപത്തെ മാവേലി വീട്ടിൽ ബിജു (46), തോമസ് (63), പള്ളിക്കനാലിന് സമീപത്തെ തെറ്റയിൽ വീട്ടിൽ വിൽസൺ (56) എന്നിവരാണ് പിടിയിലായത്.
നവംബർ 23ന് പുലർച്ച രണ്ടോടെയാണ് കണ്ണമ്പുഴ ദേവി ക്ഷേത്രത്തിന് സമീപം നീരൊഴുക്കുള്ള കാനയിൽ അജ്ഞാതർ മാലിന്യം തള്ളിയത്. രാവിലെ ക്ഷേത്രത്തിലെത്തിയവരും സമീപവാസികളും രൂക്ഷമായ ദുർഗന്ധത്തെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മാലിന്യം കണ്ടെത്തിയത്. സ്ഥലത്തെത്തിയ പൊലീസ് നഗരസഭാധികൃതരെ വിവരമറിയിച്ചതിനെ തുടർന്ന് ജീവനക്കാരെത്തിയാണ് മാലിന്യം നീക്കിയത്.കുടിവെള്ള സ്രോതസ്സായ ചാലക്കുടിപ്പുഴയിലേക്ക് നേരിട്ടെത്തുന്ന കാനയിലാണ് മാലിന്യം തള്ളിയത്. നിരവധി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് സംശയകരമായ മൂന്ന് വാഹനങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെയും വാഹനവും പിടികൂടിയത്.
ചാലക്കുടി ഡിവൈ.എസ്.പി സി.ആർ സന്തോഷ്, സർക്കിൾ ഇൻസ്പെക്ടർ കെ.എസ്. സന്ദീപ്, സബ് ഇൻസ്പെക്ടർ എം.എസ്. ഷാജൻ, ക്രൈം സ്ക്വാഡ് അംഗങ്ങളായ ജിനുമോൻ തച്ചേത്ത്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം. മൂസ, വി.യു. സിൽജോ, എ.യു. റെജി, എം.ജെ ബിനു, ഷിജോ തോമസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.