ചാലക്കുടിപ്പുഴയിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി
text_fieldsചാലക്കുടിപ്പുഴയിൽ ചത്തുപൊങ്ങിയ മത്സ്യങ്ങളെ കരയിൽ കൂട്ടിയിട്ട നിലയിൽ
ചാലക്കുടി: ചാലക്കുടിപ്പുഴയിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി. വെള്ളിയാഴ്ച രാവിലെ വെട്ടുകടവ് പാലത്തിന് സമീപമുള്ള പുഴയുടെ ഭാഗങ്ങളിലാണ് മീനുകൾ ചത്തുപൊങ്ങിയത്. പുഴയുടെ മേൽഭാഗങ്ങളായ പരിയാരം മൂഴിക്കക്കടവ്, കൊമ്പൻപാറ തടയണ തുടങ്ങിയ വിവിധ മേഖലകളിലെല്ലാം ചത്ത നിലയിൽ മത്സ്യങ്ങളെ കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇത് കണ്ടു വരുന്നതായി നാട്ടുകാർ പറയുന്നു. കരിമീൻ, പരൽ തുടങ്ങിയ ഇനങ്ങളിലെ മീനുകളാണ് ചത്തു പൊങ്ങുന്നതിൽ ഭൂരിഭാഗവും. ഇവയെ മത്സ്യത്തൊഴിലാളികൾ പുഴയിൽനിന്ന് കോരിയെടുത്ത് കരക്കിട്ടു.
പുഴയിലെ രാസമാലിന്യങ്ങളുടെ സാന്നിധ്യമാകാം മത്സ്യങ്ങളുടെ ജീവന് ഭീഷണിയായതെന്ന് കരുതുന്നു. ആരുമറിയാതെ ചിലർ ചാലക്കുടിപ്പുഴയിൽ രാസമാലിന്യം വൻതോതിൽ തള്ളുന്നതായി പരാതിയുണ്ട്. അതേസമയം, ചില സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും രഹസ്യമായി മാലിന്യപൈപ്പുകൾ സ്ഥാപിച്ചതായും സംശയമുണ്ട്.
പെരിങ്ങൽക്കുത്തിൽനിന്ന് പുഴയിലേക്ക് കാര്യമായ രീതിയിൽ വെള്ളം തുറന്നുവിടാത്തതിനാൽ ജലനിരപ്പ് ഈയിടെ താഴ്ന്ന നിലയിലാണ്. വേനലിൽ വെള്ളം കുറയുന്നതോടെ മാലിന്യങ്ങളുടെ രാസതോത് കൂടുന്നതിനാൽ മത്സ്യങ്ങൾ അതിജീവിക്കാനാവാതെ ചത്തൊടുങ്ങുകയാണെന്ന് കരുതപ്പെടുന്നുണ്ട്. മത്സ്യ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

