കൊരട്ടിയിൽ വക്കീലന്മാരുടെ പോരാട്ടം
text_fieldsഅഡ്വ. കെ.ആർ. സുമേഷ്, അഡ്വ. ഷോൺ
പെല്ലിശ്ശേരി, അഡ്വ. ഷിജു പ്ലാക്ക
ചാലക്കുടി: ജില്ല പഞ്ചായത്ത് കൊരട്ടി ഡിവിഷന് വേണ്ടി വക്കീലന്മാർ തമ്മിലാണ് പോരാട്ടം. എൽ.ഡി.എഫ്, യു.ഡി.എഫ്, എൽ.ഡി.എ എന്നിങ്ങനെ മൂന്ന് മുന്നണികളുടെയും സ്ഥാനാർഥികൾ വക്കീലന്മാരാണ്. യു.ഡി.എഫിന്റെ സ്ഥാനാർഥി ഷോൺ പെല്ലിശ്ശേരിയും എൽ.ഡി.എഫിന്റെ സ്ഥാനാർഥി കെ.ആർ. സുമേഷും എൻ.ഡി.എയുടെ സ്ഥാനാർഥി ഷിജു പ്ലാക്കയും തമ്മിലുള്ള കടുത്ത പോരാട്ടമാണ് കൊരട്ടിയിൽ നടക്കുന്നത്. യു.ഡി.എഫിന്റെ ലീല സുബ്രഹ്മണ്യനാണ് നിലവിൽ കൊരട്ടിയിലെ സിറ്റിങ് അംഗം. കൊരട്ടി, കാടുകുറ്റി, മേലൂർ തുടങ്ങിയ പഞ്ചായത്തുകളും പരിയാരം പഞ്ചായത്തിലെ കുറ്റിക്കാട് ബ്ലോക്ക് ഡിവിഷനും ചേർന്നതാണ് കൊരട്ടി ഡിവിഷൻ.
കുറ്റിക്കാട് ഡിവിഷൻ ഇത്തവണ പുതുതായി ഇതോട് ചേർക്കപ്പെട്ടതാണ്. അതുകൊണ്ടുതന്നെ കൊരട്ടി ഡിവിഷൻ ഒപ്പം നിൽക്കുമെന്ന് എൽ.ഡി.എഫും യു.ഡി.എഫും മനക്കോട്ട കെട്ടുന്നു. കൊരട്ടി ഡിവിഷൻ ഇരുമുന്നണികളും മാറിമാറി ആധിപത്യം പുലർത്തുന്ന മേഖലയാണ്. ലീലാ സുബ്രഹ്മണ്യന് മുമ്പ് അഞ്ചു വർഷം കെ.ആർ. സുമേഷായിരുന്നു പ്രതിനിധി. ജില്ല പഞ്ചായത്ത് ഡിവിഷനിലേക്കുള്ള മത്സരമാകുമ്പോൾ കൂടുതലും സ്ഥാനാർഥികളുടെ കഴിവും സേവനപാരമ്പര്യവും മറ്റ് മികവുമൊക്കെയാണ് വിഷയങ്ങളാകുന്നത്.
യോഗ്യതകളുടെ കാര്യത്തിൽ കൊരട്ടി ഡിവിഷനിലെ മൂന്ന് മുന്നണികളുടെ സ്ഥാനാർഥികളും ഒപ്പത്തിനൊപ്പമാണ്. എൽ.ഡി.എഫ് സ്ഥാനാർഥിയായ കെ.ആർ. സുമേഷ് പ്രഭാഷകൻ, മോട്ടിവേഷൻ സ്പീക്കർ എന്നീ നിലകളിൽ ജില്ലയിൽ അറിയപ്പെടുന്ന വ്യക്തിയാണ്. ഷോൺ പെല്ലിശ്ശേരി കെ.എസ്.യു താലൂക്ക് പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, ദേശീയ കോഓഡിനേറ്റർ, കെ.പി.സി.സി അംഗം തുടങ്ങിയ നിരവധി പദവികൾ അലങ്കരിച്ചിട്ടുണ്ട്. ഇവർക്കെതിരെ ഏറ്റുമുട്ടാൻ എൻ.ഡി.എ നിയോഗിച്ചിട്ടുള്ളത് മികച്ച സംഘാടകനും ഭാരതീയ അഭിഭാഷക പരിഷത്തിലെ അംഗവുമായ ഷിജു പ്ലാക്കനെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

