വീട്ടമ്മയെ പീഡിപ്പിച്ചയാൾക്ക് കഠിന തടവും പിഴയും
text_fieldsഷൈജു പോൾ
ചാലക്കുടി: ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട വീട്ടമ്മയുടെ നഗ്നഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തി പീഡിപ്പിച്ച ആൾക്ക് കഠിന തടവും പിഴയും. കൊരട്ടി സ്വദേശി കവലക്കാടൻ ഷൈജു പോൾ (50) ആണ് ശിക്ഷിക്കപ്പെട്ടത്. വിവാഹിതയും രണ്ടു മക്കളുടെ അമ്മയുമായ അതിജീവിതയെ ഫേസ് ബുക്കിലൂടെ പരിചയപ്പെട്ടശേഷം ചായ കുടിക്കാമെന്നുപറഞ്ഞ് പ്രലോഭിപ്പിച്ച് ഹോട്ടലിൽ എത്തിച്ച് ബലാത്സംഗം ചെയ്യുകയും അതിജീവിതയുടെ മൂന്ന് പവൻ സ്വർണാഭരണം കൈവശപ്പെടുത്തുകയും നഗ്നഫോട്ടോകൾ കാണിക്കുമെന്ന്പറഞ്ഞ് ഭീഷണിപ്പെടുത്തി പലതവണ ബലാത്സംഗം ചെയ്തെന്നുമാണ് കേസ്.
വിവിധ വകുപ്പുകളിലായി 24 വർഷം കഠിനതടവും 2,75,000 രൂപ പിഴയുമാണ് ചാലക്കുടി അതിവേഗ പ്രത്യേക പോക്സോ കോടതി വിധിച്ചത്. പിഴത്തുക അതിജീവിതക്ക് നൽകണം. അതിജീവിതയുടെ പുനരധിവാസത്തിനായി മതിയായ തുക നൽകാൻ ജില്ല നിയമ സേവന അതോറിറ്റിയെ കോടതി ചുമതലപ്പെടുത്തി. 2019 ലാണ് കേസിനാസ്പദമായ സംഭവം. കൊരട്ടി എസ്.എച്ച്.ഒ ബി.കെ. അരുൺ, എ.എസ്.ഐ മുഹമ്മദ് ബാഷി, വനിത സി.പി.ഒ. ഷാജാമോൾ എന്നിവരാണ് കേസന്വേഷിച്ചത്.

