കർഷകർക്ക് ‘പണി കൊടുത്ത്’ നീലക്കോഴികളും
text_fieldsകോട്ടാറ്റ് പാടത്ത് നീലക്കോഴികൾ നെൽകൃഷി നശിപ്പിച്ച ഭാഗങ്ങളിലൊന്ന്
ചാലക്കുടി: നീലക്കോഴികൾ നെൽകൃഷി നശിപ്പിക്കാൻ തുടങ്ങിയതോടെ കോട്ടാറ്റ് പാടശേഖരത്തിലെ കർഷകർ ദുരിതത്തിൽ. പാടത്ത് നെല്ല് കതിരിട്ടതോടെയാണ് നീലക്കോഴികൾ കൂട്ടത്തോടെ വന്നെത്തിയത്.
ഇവ കതിരുകളടക്കം നെൽച്ചെടിയുടെ ഇളം തലപ്പുകൾ വെട്ടിനശിപ്പിക്കുകയാണ്. 20 ദിവസം കഴിഞ്ഞാൽ കൊയ്യാവുന്ന നെൽച്ചെടികൾ നശിപ്പിക്കുന്നത്. വലിയ സാമ്പത്തിക നഷ്ടമാണ് കർഷകർക്ക് ഇവ വരുത്തിവെക്കുന്നത്.
പല രീതിയിലും ഇവയെ തുരത്തി കൃഷി സംരക്ഷിക്കാനുള്ള കർഷകരുടെ ശ്രമം വൃഥാവിലാണ്. ഓടിച്ചുവിട്ടാലും നിമിഷ നേരം കൊണ്ട് ഇവ തിരിച്ചെത്തും. പാടത്ത് റിബൺ കെട്ടിയും പാട്ട കൊട്ടി ഭയപ്പെടുത്തി ഓടിക്കാനും ശ്രമിക്കുന്നുവെങ്കിലും വിജയിക്കുന്നില്ല.
ഞാറ് നടുന്ന ഘട്ടത്തിൽ ആരംഭിച്ചതാണ് നീല കോഴികളുടെ ഉപദ്രവം. പല കണ്ടങ്ങളിലും തുടക്കത്തിൽ നശിപ്പിച്ച കൃഷി പകരം ഞാറ് നട്ട് കർഷകർ പരിഹരിക്കാൻ ശ്രമിച്ചിരുന്നു. കൃഷി നശിപ്പിക്കുന്ന നീലക്കോഴികളെ ഉന്മൂലനം ചെയ്യാൻ കർഷകർക്ക് പരിമിതിയുണ്ട്. വന്യമൃഗ സംരക്ഷണ നിയമങ്ങൾ കർശനമായതിനാൽ ഇവയെ കൊല്ലാനാവില്ല. കോട്ടാറ്റ് പാടത്ത് കർഷകർ നിസ്സഹായവസ്ഥയിലാണ്. 300 ൽ പരം എക്കറിലെ നെൽ കൃഷി തുടർന്നു കൊണ്ടുപോകാനാവാത്ത സ്ഥിതിയിലാണ്.
കളിമൺ മാഫിയ മണ്ണെടുത്ത ഗർത്തങ്ങളിലെ കാടുകളിലാണ് ഇവ കൂടുകെട്ടി താമസിക്കുന്നത്. ഇവിടെ അവ മുട്ടയിട്ട് പെരുകുകയാണ്. നഗരസഭ അധികൃതർ ഈ കാടുകൾ നശിപ്പിക്കുമെന്നും കോഴികൾ വരാതെ ഇവ വലയിട്ട് സംരക്ഷിക്കാമെന്നും വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ പിന്നീട് ഒന്നും ചെയ്തില്ലെന്ന് കർഷകർ പറയുന്നു.

