നഗ്നത പ്രദർശനം, ഭീഷണി: പ്രതിക്ക് കഠിനതടവും പിഴയും
text_fieldsജയൻ
ചാലക്കുടി: കൗമാരക്കാരിക്കുനേരെ നഗ്നതപ്രദർശനം നടത്തുകയും ലൈംഗികചുവയോടെ സംസാരിക്കുകയും ചെയ്ത പ്രതിക്ക് കഠിനതടവും പിഴയും. താഴേക്കാട് കുഴിക്കാട്ടുശ്ശേരി പോട്ടയത്ത് പറമ്പിൽ വീട്ടിൽ ജയനാണ് (48) വിവിധ വകുപ്പുകളിലായി 13 വർഷം കഠിനതടവും 85,000 രൂപ പിഴയും ചാലക്കുടി അതിവേഗ പ്രത്യേക പോക്സോ സ്പെഷൽ കോടതി ജില്ല ജഡ്ജി ഡോണി തോമസ് വർഗീസ് ശിക്ഷ വിധിച്ചത്.
പിഴത്തുക ഒടുക്കിയില്ലെങ്കിൽ 10 മാസം കൂടി കഠിനതടവ് അനുഭവിക്കണം. അതിജീവിതയുടെ പുനരധിവാസത്തിനായി മതിയായ തുക നൽകാൻ ജില്ല നിയമ സേവന അതോറിറ്റിയെ കോടതി ചുമതലപ്പെടുത്തി.
പെൺകുട്ടിയെ സ്ഥിരമായി ശല്യംചെയ്യുകയായിരുന്നു പ്രതി. 2023 മാർച്ച് 19 ന് പ്രതി അതിജീവിതക്കുനേരെ നഗ്നതാപ്രദർശനം നടത്തുകയും പരസ്യമായി ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടർന്ന് കുട്ടി വിവരം വീട്ടുകാരെ അറിയിച്ചു. ആളൂർ മുൻ എസ്.എച്ച്.ഒ. സിബിൻ, എസ്.ഐ. അക്ബർ, എ.എസ്.ഐ ധനലക്ഷ്മി എന്നിവരാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി ടി. ബാബുരാജ് ഹാജരായി. പ്രോസിക്യൂഷൻ നടപടികൾ എസ്.സി.പി.ഒ എ.എച്ച്. സുനിത ഏകോപിപ്പിച്ചു.

