തീപിടിത്തം തുടർക്കഥ; ചാലക്കുടിയിൽ ഓടിക്കിതച്ച് അഗ്നിരക്ഷാസേന
text_fieldsപേരാമ്പ്ര ചെറുകുന്നില്‍ ആളൊഴിഞ്ഞ പറമ്പിലുണ്ടായ തീപിടിത്തം
ചാലക്കുടി: ചാലക്കുടിയിലും പരിസരങ്ങളിലും തുടർച്ചയായി ഉണ്ടാകുന്ന തീപിടിത്തങ്ങൾക്കിടയിൽ ഓടിക്കിതച്ച് ചാലക്കുടി അഗ്നിരക്ഷാനിലയം. വെള്ളിയാഴ്ചയും രണ്ടിടത്ത് തീപിടിത്തം ഉണ്ടായി. രാവിലെ 11.30 ഓടെ കൊരട്ടി പ്രസിലെ കോമ്പൗണ്ടിലാണ് ആദ്യ തീപിടിത്തം.
അഗ്നിരക്ഷാസേന ഒന്നരമണിക്കൂറോളം സമയമെടുത്താണ് തീയണച്ചത്. കൂടാതെ മേലൂർ കാലടിയിൽ പറമ്പിന് തീപിടിച്ചതും സേനയെത്തി അണച്ചു. തുടർച്ചയായി മൂന്ന് ദിവസവും ഒന്നിലേറെ സ്ഥലങ്ങളിൽ തീപിടിത്തം ഉണ്ടായത് സേനക്ക് വെല്ലുവിളിയായി. കൊരട്ടി, അന്നമനട, കാടുകുറ്റി, മേലൂർ, ചാലക്കുടി, പരിയാരം, കോടശ്ശേരി, ആളൂർ, അതിരപ്പിള്ളി എന്നീ തദ്ദേശസ്ഥാപനങ്ങളുടെ പ്രദേശം പൂർണമായും മാള, കൊടകര, മറ്റത്തൂർ പഞ്ചായത്തുകളുടെ ചില പ്രദേശങ്ങളും അടങ്ങിയ വലിയ മേഖലയാണ് നിലയത്തിന്റെ പരിധിയിൽ വരുന്നത്.
സ്വന്തം കെട്ടിടം പോലുമില്ലാതെ അസൗകര്യങ്ങൾക്ക് നടുവിലാണ് ചാലക്കുടി അഗ്നിരക്ഷാനിലയം പ്രവർത്തിക്കുന്നത്. നിലയത്തിന് തീ കെടുത്താൻ ഒരു ചെറിയ വാഹനവും വലിയ വാഹനവും അതിനുള്ള ജീവനക്കാരുമാണ് ഒരു സമയം ഉണ്ടാവുക. തീപിടിച്ചാൽ ഗൗരവം ഉള്ളതല്ലെങ്കിലും സേനയെ വിളിച്ചുവരുത്താറുണ്ട്.
കിണർ അപകടങ്ങൾ, വാഹനാപകടങ്ങൾ, ചാലക്കുടി പുഴയിലെ അപകടങ്ങൾ, ചാലക്കുടി നഗരത്തിലെ അപകടങ്ങൾ എന്നിവയും ഉണ്ടാകാം. അങ്ങനെയാകുമ്പോൾ അങ്കമാലിയിൽ നിന്നോ പുതുക്കാട്, മാള നിലയത്തിൽനിന്നോ അഗ്നിരക്ഷാസേന എത്തേണ്ട സ്ഥിതി വരും.
ഇതോടെ സേവനം വൈകുകയും അപകടത്തിന്റെ ആഘാതം കൂടുകയും ചെയ്യും. ചൂട് കൂടിനിൽക്കുന്ന സാഹചര്യത്തിൽ മാലിന്യം കത്തിക്കുന്നതിൽനിന്ന് ജനം മാറിനിൽക്കണമെന്നും അത്യാവശ്യമാണെങ്കിൽ മതിയായ സുരക്ഷ ഒരുക്കി അതിരാവിലെ ചൂട് വർധിക്കുന്നതിനു മുമ്പ് മാത്രമേ ചെയ്യാവൂ എന്നും അഗ്നിരക്ഷാസേന പറയുന്നു.
അപകടം ഒഴിവാക്കാൻ റബർ തോട്ടങ്ങൾ, പൈനാപ്പിൾ തോട്ടങ്ങൾ, മറ്റു വലിയ ഒഴിഞ്ഞുകിടക്കുന്ന പറമ്പുകൾ എന്നിവക്ക് ചുറ്റും ഫയർബെൽറ്റുകൾ ഉണ്ടാക്കണം. വലിയ സ്ഥാപനങ്ങളോടും കെട്ടിടങ്ങളോടും ചേർന്നുകിടക്കുന്ന ഒഴിഞ്ഞ പറമ്പുകളിലും വലിയ പുല്ലുകൾ, കാടുകൾ ഒക്കെ ഉണ്ടെങ്കിൽ ഇതുപോലെ ചെയ്യണം. ഇത് തീ പടരുന്നത് തടയാൻ സഹായിക്കും. പേരാമ്പ്ര അപ്പോളോ ടയേഴ്സിന് പിൻവശത്തായി സരസ്വതി വിദ്യാനികേതൻ സ്കൂളിന് സമീപം രാത്രിയിൽ തീപിടുത്തം ഉണ്ടായി.
പേരാമ്പ്ര ചെറുകുന്നില്‍ തീപിടിത്തം
കൊടകര: പേരാമ്പ്ര ചെറുകുന്നില്‍ ആളൊഴിഞ്ഞ പറമ്പില്‍ തീപിടിത്തം. വെള്ളിയാഴ്ച രാത്രി എട്ടോടെയാണ് വിജനമായ പറമ്പിലെ കുറ്റിച്ചെടികള്‍ക്ക് തീപിടിച്ചത്. ചാലക്കുടിയില്‍നിന്ന് അഗ്നിരക്ഷാസേനയെത്തി രാത്രി ഒമ്പതോടെ തീയണച്ചു. പറമ്പിലെ കുറ്റിച്ചെടികളും മരങ്ങളും കത്തിനശിച്ചിട്ടുണ്ട്. വീടുകള്‍ക്കരികിലേക്ക് തീപടരാതെ നാട്ടുകാരും അഗ്നിരക്ഷാസേനയും ചേര്‍ന്ന് തീയണച്ചതിനാല്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

