മിഴിതുറന്ന് ചാലക്കുടി മേൽപ്പാലം
text_fieldsചാലക്കുടി നഗരസഭ ജങ്ഷനിൽ അടിപ്പാതക്ക് മുകളിലെ ദേശീയപാതയിൽ വഴിവിളക്ക് തെളിഞ്ഞപ്പോൾ
ചാലക്കുടി: ദേശീയ പാതയിൽ ചാലക്കുടി മേൽപ്പാലത്തിന് മുകളിൽ വഴിവിളക്കുകൾ തെളിയിച്ചു. ഇതോടെ രാത്രിയിൽ മേൽപ്പാലത്തിലെ യാത്ര കൂടുതൽ സുരക്ഷിതമായി. ശനിയാഴ്ച രാത്രി സനീഷ് കുമാർ ജോസഫ് എം.എൽ.എയാണ് വഴി വിളക്കുകളുടെ സ്വിച്ചോൺ നിർവഹിച്ചത്.
ഏറെ വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ജൂലൈ ആരംഭത്തിലാണ് നഗരസഭ ജങ്ഷനിലെ അടിപ്പാത നിർമാണത്തിന്റെ ഭാഗമായി മേൽപ്പാലം ഗതാഗതത്തിന് തുറന്നുകൊടുത്തത്. മുൻ ഇടത് എം.എൽ.എ ബി.ഡി. ദേവസിയുടെയും യു.ഡി.എഫ് എം.എൽ.എ സനീഷ് കുമാർ ജോസഫിന്റെയും നേതൃത്വത്തിൽ വെവ്വേറെ ജനകീയ ഉദ്ഘാടനങ്ങൾ നടത്തുകയായിരുന്നു. എന്നാൽ പണികൾ പൂർണമായും തീർന്നിരുന്നില്ല.
താഴെയുള്ള അടിപ്പാതയുടെയും മേൽപ്പാലത്തിലെ വഴിവിളക്കുകളുടെയുടെയും വെള്ളം ഒഴുകിപ്പോകുന്ന പൈപ്പുകളുടെയും പണികൾ കഴിഞ്ഞിരുന്നില്ല. മാസങ്ങൾക്കുശേഷം ഇപ്പോഴാണ് പണികൾ തീരുന്നത്. ഭാഗികമായി കത്തിയ വഴിവിളക്കുകൾ പൂർണമായും തെളിഞ്ഞത് ഇപ്പോളാണ്. എന്നാൽ റോഡിന് നടുവിലെ നഗരസഭ ജങ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് തെളിയാത്തത് ദുരിതമായി തുടരുകയാണ്.

