ചെയർപേഴ്സൻ, വൈസ് ചെയർമാൻ ചാലക്കുടി നഗരസഭയിൽ തിരക്കിട്ട ചർച്ച
text_fieldsചാലക്കുടി: നഗരസഭയിൽ ചെയർപേഴ്സൻ, വൈസ് ചെയർപേഴ്സൻ സ്ഥാനങ്ങളിൽ ആര് വേണമെന്ന തിരക്കിട്ട ചർച്ച യു.ഡി.എഫിൽ ആരംഭിച്ചു. ഇത്തവണ ചെയർപേഴ്സൻ സ്ഥാനം വനിതക്കാണെന്ന പ്രത്യേകതയുമുണ്ട്. യു.ഡി.എഫിന്റെ പാരമ്പര്യമനുസരിച്ച് ചെയർപേഴ്സൻ സ്ഥാനം ഊഴമനുസരിച്ച് പങ്കുവെക്കാനുള്ള സാധ്യതയാണ് കാണുന്നത്. ചാലക്കുടിയിൽ കഴിഞ്ഞ തവണയും യു.ഡി.എഫിന് തന്നെയായിരുന്നു ഭരണം. അന്ന് തുടക്കത്തിൽ ചെയർമാൻ സ്ഥാനത്തെ ചൊല്ലി വലിയ തർക്കങ്ങൾ നടന്നിരുന്നു. ഒടുവിൽ ഡി.സി.സിയുടെ മധ്യസ്ഥതയിൽ സംസ്ഥാന നേതാക്കൾ ഇടപെട്ടാണ് തീരുമാനം ഉണ്ടായത്. ഇത്തവണ വനിതയായതിനാൽ അത്രത്തോളം തർക്കം ഉണ്ടാകാനിടയില്ല. അതേ സമയം, വൈസ് ചെയർമാൻ സ്ഥാനത്തിന് പിടിവലി നടക്കുമെന്നാണ് സൂചന.
ആറാം തവണയും നഗരസഭയിൽ വിജയിച്ചെത്തിയ ആലിസ് ഷിബു ആദ്യഘട്ടത്തിൽ ചെയർപേഴ്സൻ സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ടേക്കാം. കഴിഞ്ഞ തവണ വൈസ് ചെയർപേഴ്സനായിരുന്നു ആലിസ്. ആലിസ് പലവട്ടം ഉയർന്ന സ്ഥാനങ്ങങ്ങൾ വഹിച്ചിരുന്നതുകൊണ്ട് പുതിയൊരാൾ വരണമെന്ന ആവശ്യം ഒരു വിഭാഗം ഉയർത്തുന്നുണ്ട്. എങ്കിലും പരിചയസമ്പന്നത കൊണ്ട് ആദ്യ പരിഗണന ആലിസിന് തന്നെ ലഭിക്കും. തിരുമാന്ധാംകുന്ന് വാർഡിൽനിന്ന് വിജയിച്ചു വന്ന സൂസി സുനിലിന് വേണ്ടി ഒരു വിഭാഗം ഇപ്പോൾ തന്നെ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. കൂടാതെ ഇപ്പോൾ വിജയിച്ചുവന്ന പുതുമുഖങ്ങളും പരിഗണനയിലുണ്ട്. ചെയർപേഴ്സൻ സ്ഥാനം പോലെ വൈസ് ചെയർമാൻ സ്ഥാനവും ഊഴമനുസരിച്ച് തന്നെയാകും. വൈസ് ചെയർമാൻ സ്ഥാനത്തിന് വേണ്ടിയാണ് ഏറ്റവും കൂടുതൽ സമ്മർദ്ദം ഉയർന്നിട്ടുള്ളത്. ആറാം തവണയും നഗരസഭയിൽ തെരഞ്ഞെടുക്കപ്പെട്ട അഡ്വ. ബിജു എസ്. ചിറയത്തിനെ വൈസ് ചെയർമാനാക്കണമെന്ന ആവശ്യം ഇേപ്പാഴെ ഉയർന്നിട്ടുണ്ട്. ആറു തവണ വിജയിച്ചിട്ടും അർഹമായ സ്ഥാനം ബിജുവിന് നഗരസഭയിൽ ലഭിച്ചിട്ടില്ലെന്ന പരാതിയും നിലനിൽക്കുന്നുണ്ട്.
കാര്യങ്ങൾ നഗരസഭയിൽ പഠിച്ച് അവതരിപ്പിക്കുന്നതിൽ ഏറെ പരിചയ സമ്പന്നനായ കെ.വി. പോളിനെ വൈസ് ചെയർമാനാക്കണമെന്ന ആവശ്യവും ശക്തമായി ഉയരുന്നു. എന്തായാലും ഒരു ഊഴം മുൻ ചെയർ പേഴ്സനായ ഷിബു വാലപ്പന് നൽകിയേക്കാം.
സഹകരണ ബാങ്ക് ചെയർമാനും ഗാന്ധിനഗർ വാർഡിൽനിന്ന് വിജയിക്കുകയും ചെയ്ത ഒ.എസ്. ചന്ദ്രന്റെ പേരും വൈസ് ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

