ചാലക്കുടി ബസ് ഡിപ്പോയിൽ സീലിങ് അടർന്നുവീഴുന്നു
text_fieldsചാലക്കുടി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ സീലിങ് അടർന്നുവീണപ്പോ
ചാലക്കുടി: യാത്രക്കാരുടെ ജീവന് ഭീഷണിയായി കോൺക്രീറ്റ് സീലിങ് അടർന്നു വീഴൽ ചാലക്കുടി കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോയിൽ തുടർക്കഥയാകുന്നു. ചൊവ്വാഴ്ച വൈകീട്ട് മൂന്നോടെ ഒരുവലിയ ഭാഗം സീലിങ് അടർന്ന് താഴെ വീണു. സമീപത്തുണ്ടായിരുന്ന കണ്ടക്ടറുടെ കൈക്ക് പരിക്കേറ്റു. ഇതിന്റെ മറ്റൊരു ഭാഗം യാത്രക്കാർ ഇരിക്കുന്ന സ്റ്റീൽ ബഞ്ചിലാണ് വീണത്. ഭാഗ്യത്തിന് യാത്രക്കാർ ആരും അവിടെ ഉണ്ടായിരുന്നില്ല.
വീഴ്ചയുടെ ആഘാതത്തിൽ ബെഞ്ചിന് കേടുപറ്റി. ഇതിനെ തുടർന്ന് ജീവനക്കാരെത്തി വീണ്ടും അടർന്നുവീഴാൻ സാധ്യതയുള്ള ഭാഗങ്ങൾ കുത്തി താഴെയിട്ടു.എന്നിട്ടും പലയിടത്തായി സീലിങ് അടർന്നുവീഴാറായി നിൽക്കുന്നുണ്ട്. വിദ്യാർഥികളടക്കം നിരവധി യാത്രക്കാർ ബസ് കാത്തുനിൽക്കുന്ന കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ അറ്റകുറ്റപ്പണി നടത്തി അപകടരഹിതമാക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.

