അതിരപ്പിള്ളി ടൂറിസം പദ്ധതി: മാസ്റ്റർ പ്ലാൻ തയാറാക്കാൻ നിർദേശം
text_fieldsഅതിരപ്പിള്ളി വെള്ളച്ചാട്ടം
ചാലക്കുടി: അതിരപ്പിള്ളിയിലെ ഭൂപ്രകൃതിക്ക് അനുസൃതമായ രീതിയിൽ ടൂറിസം പ്രവർത്തനങ്ങൾക്ക് ആവശ്യമായ മാസ്റ്റർപ്ലാൻ തയാറാക്കാൻ വനം മന്ത്രി എ.കെ. ശശീന്ദ്രൻ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. അതിരപ്പിള്ളിയിലെ ടൂറിസം പ്രവർത്തനങ്ങൾ സംബന്ധിച്ച് സനീഷ്‌കുമാർ ജോസഫ് എം.എൽ.എ നൽകിയ നിവേദനത്തിന്‍റെ അടിസ്ഥാനത്തിൽ വിളിച്ചുചേർത്ത യോഗത്തിലാണ് നടപടി.
കഫ്തീരിയ, പാർക്കിങ്, ശുചിമുറികൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം. ട്രക്കിങ്, സഫാരി പോലുള്ള ടൂറിസം പ്രവർത്തനങ്ങൾ വേണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. അതിരപ്പിള്ളിയിലെ വിനോദസഞ്ചാരം വികസിച്ചാൽ തുടർച്ചയായ വന്യജീവി ആക്രമണം മൂലം കൃഷി ചെയ്യാൻ സാധിക്കാത്ത പ്രദേശവാസികൾക്കും ആദിവാസികൾക്കും മറ്റൊരു വരുമാന മാർഗം രൂപപ്പെടും.
വാഴച്ചാൽ ഡിവിഷനിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യ വികസനുമായി ബന്ധപ്പെട്ട് മുമ്പ് ടൂറിസം ക്ലിയറിങ് കമ്മിറ്റിക്ക് സമർപ്പിച്ച നിർദേശങ്ങളിൽ മാറ്റംവരുത്തി നൽകാൻ ആവശ്യപ്പെട്ടതായി അഡീഷനൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ അറിയിച്ചു.
സമഗ്ര പദ്ധതി രണ്ട് മാസത്തിനകം തയാറാക്കുമെന്ന് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ (പ്ലാനിങ് ആൻഡ് ഡെവലപ്മെന്‍റ്) അറിയിച്ചു. പ്രത്യേക അനുമതി ആവശ്യമില്ലാത്ത അറ്റകുറ്റപ്പണികൾ ഉടൻ ആരംഭിക്കണം. ആവശ്യാനുസരണം പൊളിക്കാൻ സാധിക്കുന്ന കണ്ടെയ്നർ നിർമിതികൾ അനുവദിക്കുന്നത് പരിഗണിക്കാനും തീരുമാനിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.