ചാലക്കുടിപ്പാലത്തിന്റെ ഒരു ഭാഗം അടച്ചു;ഗതാഗതക്കുരുക്ക് രൂക്ഷമാകുമെന്ന് ആശങ്ക
text_fieldsദേശീയപാതയിൽ മുരിങ്ങൂർ ഭാഗത്ത് ഞായറാഴ്ച വൈകീട്ടുണ്ടായ ഗതാഗതക്കുരുക്ക്
ചാലക്കുടി: ദേശീയപാത 544 ൽ ചാലക്കുടി പഴയ പാലം അടച്ചിട്ട് ഒരു പാലത്തിലൂടെ മാത്രം നിയന്ത്രണത്തോടെ ഗതാഗതമാരംഭിച്ചു. പാലത്തിനപ്പുറത്തും ഇപ്പുറത്തും മീഡിയനുകൾ പൊളിച്ചുമാറ്റിയാണ് വാഹനങ്ങൾ കടത്തിവിടുന്നത്.തൃശൂർ ഭാഗത്തേക്ക് പോകുന്ന പടിഞ്ഞാറ് ഭാഗത്തെ പാലം അടച്ച് ഇരുവശത്തേക്കുള്ള ഗതാഗതം എറണാകുളത്തേക്ക് പോകുന്ന കിഴക്കുവശത്തെ പാലത്തിലൂടെ മാത്രമാക്കി. മേഖലയിൽ വരും ദിവസങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുമോയെന്ന ആശങ്കയുണ്ട്. ശനിയാഴ്ച രാത്രി മുതലാണ് നിയന്ത്രണം ആരംഭിച്ചത്. ഞായറാഴ്ച ഉച്ച കഴിഞ്ഞും ഗതാഗതം ശാന്തമായിരുന്നു. എന്നാൽ, വൈകീട്ടായതോടെ ചാലക്കുടിപ്പാലം മുതൽ ഗതാഗത തടസ്സമുണ്ടായി. മുരിങ്ങൂർ, കൊരട്ടി, ചിറങ്ങര അടിപ്പാതകളുടെ നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് പ്രധാനമായും നിയന്ത്രണം. പണികൾ ഉടൻ പൂർത്തിയാക്കി ആറ് ദിവസത്തിനകം ഗതാഗതം സാധാരണ ഗതിയിലാക്കുമെന്നാണ് അധികൃതർ പറയുന്നത്. ഇത് ഒരു പക്ഷേ അൽപം കൂടി നീണ്ടേക്കാം.
ഈ മേഖലയിലുള്ള മൂന്ന് അടിപ്പാതകളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് പത്ത് മാസത്തോളമായി ഗതാഗതം ദുരിതപൂർണമായിരുന്നു. ചിറങ്ങര, മുരിങ്ങൂർ എന്നിവിടങ്ങളിലെ അടിപ്പാതകളുടെ നിർമ്മാണം പൂർത്തിയായി വരുന്നതിനാൽ ചെറിയ ആശ്വാസമുണ്ട്. എന്നാൽ കൊരട്ടിയിലെ നിർമ്മാണം ആരംഭിക്കുന്നതേയുള്ളൂ. കൊരട്ടി ജങ്ഷനിൽ ബസുകൾ നിർത്തി യാത്രക്കാരെ കയറ്റേണ്ടിവരുന്നതാണ് ഒരു പ്രശ്നം. പടിഞ്ഞാറേ ഭാഗത്ത് സ്ഥലമില്ലാത്തതിനാൽ വലിയ പ്രതിസന്ധിയാണ്. ഗതാഗത നിയന്ത്രണത്തിനായി കൂടുതൽ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്.
ഗതാഗതം മേലൂർ, കൊരട്ടി, കാടുകുറ്റി പഞ്ചായത്തുകളിലെ ഉൾഭാഗങ്ങളിലൂടെ തിരിച്ചുവിടുകയാണ്. തൃശൂർ ഭാഗത്തുനിന്ന് എറണാകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കോട്ടമുറിയിൽ നിന്ന് സാജോ നഗർ, പാറക്കൂട്ടം, കിൻഫ്ര, കോനൂർ, പെരുമ്പി വഴി ദേശീയപാതയിലേക്ക് തിരിച്ചുവിടുന്നുണ്ട്. എറണാകുളം ഭാഗത്തുനിന്ന് തൃശൂരിലേക്ക് വരുന്ന വാഹനങ്ങൾ ചിറങ്ങര മേൽപാലം വഴി തിരിഞ്ഞ് ദേവമാത, കൊരട്ടി പള്ളി, കാടുകുറ്റി, മുരിങ്ങൂർ വഴി ദേശീയപാതയിലേക്കും തിരിച്ചുവിടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

