ചാലക്കുടിയിൽ ഗതാഗത പരിഷ്കാരം നാളെ മുതൽ
text_fieldsമറ്റ് വാഹനങ്ങൾ പാർക്ക് ചെയ്യുന്ന ചാലക്കുടി നോർത്ത് ബസ് സ്റ്റാൻഡ്
ചാലക്കുടി: ചാലക്കുടിയിലെ ഗതാഗത പരിഷ്കാരം തിങ്കളാഴ്ച മുതൽ കർശനമായി നടപ്പാക്കുമെന്ന് നഗരസഭ ചെയർമാൻ എബി ജോർജ് അറിയിച്ചു. മാളയിൽനിന്നുള്ള ബസുകൾ അടിപ്പാത കടന്ന് ആനമല ജങ്ഷൻ വഴി പോകും. ബസുകൾ നോർത്ത് ബസ് സ്റ്റാൻഡിൽ കയറും. മാള ഭാഗത്തേക്കുള്ള ബസുകൾ സൗത്ത് സ്റ്റാൻഡിൽനിന്ന് നോർത്ത് ജങ്ഷനിലൂടെ തിരിഞ്ഞ് സൗത്ത് ഫ്ളൈ ഓവറിന് കീഴിലൂടെ നഗരസഭയുടെ മുന്നിലൂടെ പോകും. ബസുടമകളുമായി സംസാരിച്ച് ഇക്കാര്യത്തിൽ തീരുമാനമായിട്ടുണ്ട്.
ട്രാംവെ അടിപ്പാത തുറന്നുകൊടുത്തതിനെ തുടർന്നാണ് നഗരത്തിൽ ഗതാഗത പരിഷ്കാരം. സർവകക്ഷി യോഗം ഇത് സംബന്ധിച്ച് നിർദേശം നൽകിയിരുന്നു. നഗരസഭ കൗൺസിലും ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയും നിർദേശങ്ങൾ അംഗീകരിച്ചതോടെയാണ് നടപ്പാക്കുന്നത്. പരിഷ്കാരം ഇതിനകം നടപ്പായെങ്കിലും സ്വകാര്യ ബസുകാർ ഇത് പൂർണമായും പിന്തുടരുന്നില്ലെന്ന പരാതിയുണ്ട്.
മാള ബസുകൾ ട്രാംവെ ജങ്ഷനിൽവെച്ച് തിരിയുമ്പോൾ അവിടെ ഗതാഗതക്കുരുക്ക് രൂപം കൊള്ളുമോയെന്ന ആശങ്കയുണ്ട്. ആനമല ജങ്ഷനിലും ബിവറേജസിന് സമീപവും ഗ്രാൻഡ് ബേക്കറി ഭാഗത്തും ഗതാഗതക്കുരുക്ക് ഉണ്ടായേക്കുമെന്നും ആശങ്ക നിലനിൽക്കുന്നു.
നോർത്ത് ബസ് സ്റ്റാൻഡ് ഉദ്ഘാടനം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞെങ്കിലും ബസുകൾ കൃത്യമായി കയറാനോ ഇവിടെനിന്ന് സർവിസ് പുറപ്പെടാനോ കഴിഞ്ഞിട്ടില്ല. പരിഷ്കാരപ്രകാരം കൊരട്ടി, കാടുകുറ്റി, മേലൂർ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ബസുകൾ ഇവിടെനിന്ന് പുറപ്പെടും. എന്നാൽ പോട്ടയിൽ ഗതാഗത പരിഷ്കാരം നടപ്പാക്കിയിട്ടില്ലെന്നും അവിടെ സർവിസ് റോഡ് വികസനം മാത്രമാണ് നടക്കുന്നതെന്നും ചെയർമാൻ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

