പുലിക്കളി സംഘത്തിന് പ്രഖ്യാപിച്ച കേന്ദ്രഫണ്ട് ലഭിച്ചില്ല;കൗൺസിലിൽ പുലിമുഖം ധരിച്ചെത്തി പ്രതിഷേധം
text_fieldsതൃശൂർ: പുലിക്കളി സംഘത്തിന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പ്രഖ്യാപിച്ച സഹായധനം നൽകാത്തതിൽ കോർപറേഷൻ കൗൺസിലിൽ പ്രതിഷേധം.കഴിഞ്ഞ പുലിക്കളിക്ക് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി പ്രഖ്യാപിച്ച ധനസഹായം ഒരു വർഷത്തോടടുത്തിട്ടും ലഭ്യമാകാത്തതിൽ പ്രതിഷേധിച്ചാണ് തൃശൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ ഇടതുപക്ഷ അംഗങ്ങൾ പ്രതിഷേധിച്ചത്. കൗൺസിൽ യോഗത്തിലേക്ക് പുലിമുഖം ധരിച്ചെത്തിയാണ് കൗൺസിലർമാർ വിയോജിപ്പ് രേഖപ്പെടുത്തിയത്.
കേന്ദ്ര ധനസഹായം വൈകുന്നതിനെച്ചൊല്ലി ഭരണ-പ്രതിപക്ഷ കക്ഷികൾ തമ്മിൽ കൗൺസിലിൽ കടുത്ത വാദപ്രതിവാദം അരങ്ങേറി. കോർപറേഷന്റെ നേതൃത്വത്തിലാണ് തൃശൂരിൽ പുലിക്കളി സംഘടിപ്പിക്കുന്നത്. പുലിക്കളി സംഘങ്ങൾക്ക് പ്രഖ്യാപിച്ച ധനസഹായം നൽകാതെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി അവരെ വഞ്ചിച്ചെന്ന് പ്രതിപക്ഷ നേതാവ് ടി.ആർ. ഹിരൺ ആരോപിച്ചു.
മൂന്നുലക്ഷം രൂപ വീതം ലഭിക്കുമെന്ന് പ്രതീക്ഷിച്ച പുലിസംഘങ്ങൾ ഇപ്പോൾ നിസ്സഹായാവസ്ഥയിലാണ്. വാഗ്ദാനം ചെയ്ത തുക ലഭിച്ചില്ലെന്നറിഞ്ഞിട്ടും കേന്ദ്രമന്ത്രി ഇടപെട്ടില്ല.പുലിസംഘങ്ങളെ തെരുവിലേക്ക് തള്ളിവിടുകയാണെന്നും പറയാത്ത മാനദണ്ഡങ്ങളുടെ പേരിൽ സഹായം നിഷേധിക്കരുതെന്നും എൽ.ഡി.എഫ് കൗൺസിലർമാർ ആവശ്യപ്പെട്ടു. അതേസമയം, ആരോപണങ്ങൾക്കെതിരെ ബി.ജെ.പി കൗൺസിലർമാർ രംഗത്തുവന്നു. കേന്ദ്ര സർക്കാർ നിർദേശിച്ച മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വന്ന വീഴ്ചയാണ് ഫണ്ട് കിട്ടാതിരിക്കാൻ കാരണമെന്ന് ബി.ജെ.പി കൗൺസിലർ സി. രഘുനാഥ് പറഞ്ഞു.
മാനദണ്ഡങ്ങൾ കൃത്യമായി പുലിക്കളി സംഘങ്ങളെ അറിയിക്കേണ്ട ചുമതല ജില്ല കലക്ടർക്കാണ്. മുൻ കലക്ടർ ഈ ചുമതല കൃത്യമായി നിർവഹിക്കാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും ബി.ജെ.പി കൗൺസിലർമാർ പറഞ്ഞു. എന്നാൽ, സാംസ്കാരിക കൂട്ടായ്മകൾക്ക് അർഹതപ്പെട്ട തുക ഉടൻ ലഭ്യമാക്കണമെന്ന ആവശ്യത്തിൽ ഇടതുപക്ഷ കൗൺസിലർമാർ ഉറച്ചുനിന്നതോടെ കൗൺസിൽ യോഗം പ്രക്ഷുബ്ധമായി. മാസങ്ങൾ പലത് കഴിഞ്ഞിട്ടും ഫണ്ട് നൽകാത്തതിന്റെ യഥാർഥ കാരണം ബി.ജെ.പി വ്യക്തമാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
സഹായം വേണോ; കേന്ദ്രപരസ്യം നിർബന്ധം
തൃശൂർ: പുലിക്കളിക്ക് കേന്ദ്രസർക്കാർ സഹായം നൽകുമെന്ന കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ പ്രഖ്യാപനം നടപ്പാകാതായപ്പോൾ വിചിത്രവാദവുമായി ബി.ജെ.പി. കേന്ദ്ര സർക്കാറിന്റെ ആവശ്യങ്ങൾ പാലിക്കാത്തതിനാലാണ് പണം നൽകാത്തതെന്നാണ് ബി.ജെ.പി നിലപാട്. പുലിക്കളി സംഘങ്ങൾ കേന്ദ്ര സർക്കാറിന്റെ പരസ്യങ്ങളടക്കം നൽകിയില്ലെന്നും ഇവർ ആരോപിക്കുന്നു. 2025 ലെ പുലിക്കളി നടത്തിപ്പിനായി സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട 40 ലക്ഷം രൂപയിൽ, എട്ട് പുലിക്കളി സംഘങ്ങൾക്ക് മൂന്ന് ലക്ഷം രൂപ വീതം 24 ലക്ഷം രൂപയുടെ ധനസഹായമാണ് കേന്ദ്രടൂറിസം മന്ത്രാലയം അനുവദിച്ചത്. എന്നാൽ, ഈ ധനസഹായം റീഇംബഴ്സ്മെന്റ് അടിസ്ഥാനത്തിലായതിനാൽ കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ച നിബന്ധനകൾ പാലിക്കേണ്ടതുണ്ടായിരുന്നു. ടൂറിസം മന്ത്രാലയത്തിന്റെയും ‘ഇൻക്രെഡിബിൾ ഇന്ത്യ’യുടെയും ലോഗോ എല്ലാ പ്രചാരണ സാമഗ്രികളിലും ഉൾപ്പെടുത്തുക, മന്ത്രാലയത്തിന്റെ പ്രമോഷണൽ വീഡിയോകൾ പ്രദർശിപ്പിക്കുക, ഉദ്ഘാടന-സമാപന ചടങ്ങുകളിൽ മന്ത്രാലയത്തിന്റെ സഹായം പരാമർശിക്കുക, സോഷ്യൽ മീഡിയ പ്രചാരണം മന്ത്രാലയവുമായി സഹകരിച്ച് നടത്തുക തുടങ്ങിയ നിർദേശങ്ങളാണ് കേന്ദ്രം നൽകിയിരുന്നത്. ഈ നിബന്ധനകളൊന്നും പുലിക്കളി സംഘങ്ങളെ അറിയിക്കാതെ ജില്ല ടൂറിസം വകുപ്പ് അധികൃതർ മറച്ചുവെച്ചതായി ബി.ജെ.പി ആരോപിക്കുന്നു. പുലിക്കളി പൂർത്തിയാക്കി രേഖകൾ സമർപ്പിച്ച ശേഷമാണ് ഇത്തരം നിബന്ധനകൾ സംഘങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തിയത്. അന്നത്തെ ജില്ല ഭരണകൂടവും ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരും കേന്ദ്രനിർദ്ദേശങ്ങൾ കൃത്യമായി നടപ്പാക്കുന്നതിൽ പരാജയപ്പെട്ടെന്നും ബി.ജെ.പി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

