കാർ തടഞ്ഞ് മർദനം: രണ്ടുപേർ അറസ്റ്റിൽ
text_fieldsപ്രതീഷ് സനീഷ്
മാള: ആളൂർ മുരിയാട് കാർ തടഞ്ഞ് യുവാക്കളെ മർദിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. നിരവധി കേസുകളിൽ പ്രതിയായ വെള്ളിലംകുന്ന് സ്വദേശിയുമായ സനീഷ് (ഗുമ്മൻ -26), തേറാട്ടിൽ പ്രതീഷ് (ഉണ്ണി-35) എന്നിവരെയാണ് ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ടി.കെ. ഷൈജു, ഇൻസ്പെക്ടർ കെ.സി. രതീഷ് എന്നിവർ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വർഷം ജൂണിലാണ് കേസിനാസ്പദമായ സംഭവം. മദ്യപസംഘം സഞ്ചരിച്ച കാർ പരാതിക്കാരുടെ കാറിൽ ഇടിച്ചതുമായി ബന്ധപ്പെട്ട തർക്കത്തിലാണ് മുരിയാട് സ്വദേശികളായ റിജിൻ, സിജോ, ശ്രീനാഥ് എന്നിവർക്ക് മർദനമേറ്റത്. മദ്യലഹരിയിലായിരുന്ന പ്രതികൾ സംഘം ചേർന്ന് മർദിക്കുകയായിരുന്നു.
പ്രതികൾ മറ്റു വാഹനങ്ങൾക്ക് മാർഗതടസ്സമുണ്ടാക്കി കാർ ഓടിക്കുയായിരുന്നു. ഇവർക്കു പിന്നാലെ കാറിൽ വന്ന പരാതിക്കാർ ഓവർടേക്ക് ചെയ്തതിൽ പ്രകോപിതരായ പ്രതികൾ പരാതിക്കാരുടെ കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ പിറകിൽ ഇടിക്കുകയും മുന്നിൽ കയറി കാർ കുറുകെയിട്ടു അസഭ്യം പറയുകയും ചെയ്തു.
തുടർന്ന് പ്രതികൾ അക്രമാസക്തരാവുകയായിരുന്നു. റിജിനെയും സിജോയെയും ആക്രമിക്കുന്നത് കണ്ട് പിടിച്ചുമാറ്റാൻ ചെന്നതായിരുന്നു ശ്രീനാഥ്. ആക്രമണത്തിൽ ഇയാൾക്കും പരിക്കേറ്റു. ഇവർ ദിവസങ്ങളോളം ചികിത്സയിലായിരുന്നു. മദ്യത്തിനും ലഹരിക്കും അടിമകളാണ് പ്രതികളെല്ലാം.
സനീഷാണ് സംഘത്തിലെ പ്രധാനി. സംഭവ ശേഷം മുങ്ങിയെ സനീഷ് മൈസൂരു, പാലക്കാട് ഭാഗങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. ഇതിനിടെ രഹസ്യമായി നാട്ടിലെത്തിയതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം പുലർച്ച ഇവർ ഒളിവിൽ കഴിയാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ എസ്.ഐ അരിസ്റ്റോട്ടിലും സംഘവും പരിശോധന നടത്തിയിരുന്നു.
സനീഷ് കൊലപാതകശ്രമം അടക്കം ആളൂർ സ്റ്റേഷനിൽ നാലും കൊടകര സ്റ്റേഷനിൽ ഒന്നും കേസുകളിൽ പ്രതിയാണ്. 2017ൽ വീട് കയറി ആക്രമിച്ച കേസിൽ അറസ്റ്റ് വാറന്റുള്ളയാളാണ് പ്രതീഷ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ആളൂർ എസ്.ഐ പി.വി. അരിസ്റ്റോട്ടിൽ, സീനിയർ സി.പി.ഒ കെ.കെ. പ്രസാദ്, ഇ.എസ്. ജീവൻ, അനിൽകുമാർ, എം.ആർ. സുജേഷ്, കെ.എസ്. ഉമേഷ്, ഐ.വി. സവീഷ്, എസ്. ശ്രീജിത്ത്, വിപിൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

