വിയ്യൂർ ജയിലിൽനിന്ന് ഇനി ചൂരൽ ഫർണിച്ചറുകളും കരകൗശല വസ്തുക്കളും
text_fieldsവിയ്യൂർ ജില്ല ജയിലിൽ തടവുകാർക്കുള്ള മുള, ചൂരൽ ഫർണിച്ചർ, കരകൗശലവസ്തു നിർമാണ പരിശീലന പരിപാടിയുടെ ഉദ്ഘാടനം ജില്ല ലീഗൽ സർവിസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ സരിത രവീന്ദ്രൻ നിർവഹിക്കുന്നു
തൃശൂർ: ഭക്ഷ്യവസ്തുക്കളും മറ്റും ഉണ്ടാക്കി ജയിൽ ജീവിതം ക്രിയാത്മകമാക്കിയ വിയ്യൂരിലെ തടവുകാർ നിർമിച്ച ചൂരൽ കസേര, മേശ തുടങ്ങിയ ഫർണിച്ചറുകളും കരകൗശല വസ്തുക്കളും വിപണിയിലേക്ക്. വിയ്യൂർ ജില്ല ജയിലിലെ 35 തടവുകാരാണ് മുളയും ചൂരലും തുടങ്ങിയവ ഉപയോഗിച്ചുള്ള കരകൗശല വസ്തുക്കളുടെയും ഫർണിച്ചറുകളുെടയും നിർമാണ പരിശീലനത്തിലുള്ളത്.
13 ദിവസമാണ് പരിശീലനത്തിന്റെ കോഴ്സ്. ജില്ല ലീഗൽ സർവിസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ സരിത രവീന്ദ്രൻ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. തടവുകാരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും ജീവിത സാഹചര്യമൊരുക്കുകയും ചെയ്യുന്ന വിധത്തിൽ ജയിലുകൾ മാറുകയാണ്. ആദ്യമായാണ് മുള, ചൂരൽ ഫർണിച്ചറുകളും കരകൗശല വസ്തുക്കളും ഉണ്ടാക്കുന്ന പരിശീലനമൊരുക്കുന്നത്.
രണ്ടാഴ്ചയിലെ കോഴ്സിൽ സംരംഭകത്വ പരിശീലനവും സർട്ടിഫിക്കറ്റുകളും നൽകും. ഉദ്ഘാടന പരിപാടിയിൽ ജില്ല ജയിൽ സൂപ്രണ്ട് കെ. അനിൽകുമാർ അധ്യക്ഷത വഹിച്ചു. കനറാ ബാങ്കും റൂറൽ സെൽഫ് എംപ്ലോയ്മെന്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുമായി (ആർ.എസ്.ഇ.ടി.ഐ) സഹകരിച്ചാണ് പരിശീലനം. ജില്ല പ്രൊബേഷൻ ഓഫിസർമാരായ കെ.ജി. രാഗപ്രിയ, ആർ. രോഷ്നി, ആർ.എസ്.ഇ.ടി.ഐ പ്രതിനിധികളായ ജി. കൃഷ്ണ മോഹൻ, പി.വി. സരിത, റീജനൽ വെൽഫെയർ ഓഫിസർ ടി.ജി. സന്തോഷ്, സൈമൺ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

