ബൈപാസ് നിർമാണത്തിന് തോടുകൾ അടച്ചു; വീടുകൾ വെള്ളക്കെട്ട് ഭീഷണിയിൽ
text_fieldsതളിക്കുളം: ദേശീയപാത 66 ബൈപാസ് അശാസ്ത്രീയ നിർമാaxണത്തിന്റെ ഭാഗമായി വെള്ളം ഒഴുകിപോകാൻ സൗകര്യമൊരുക്കാത്തതിനാൽ കനത്ത മഴയിൽ തളിക്കുളം ഗ്രാമപഞ്ചായത്തിലെ നാല്, അഞ്ച് വാർഡുകളിലെ നിരവധി വീടുകൾ വെള്ളക്കെട്ട് ഭീഷണിയിൽ. പുന്നച്ചോട്, കലാഞ്ഞി, പുലാമ്പുഴ മേഖലയിലാണ് വെള്ളക്കെട്ട് രൂക്ഷമായിട്ടുള്ളത്. കാലവർഷത്തിന് മുമ്പേയുള്ള മഴയിൽ പോലും പ്രദേശം വെള്ളത്തിലായി.
പുഴയിലേക്ക് വെള്ളം ഒഴുകി പോയിരുന്ന തോടുകളും ഇടതോടുകളും ദേശീയപാത ബൈപാസിന്റെ ഭാഗമായി മൂടിയതോടെയാണ് ഇത്രയും വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണം. നേരത്തേ വെള്ളം തോടുകൾ വഴിയാണ് കനോലി പുഴയിൽ എത്തിയിരുന്നത്. ഈ തോടുകൾ ഏറെയും ബൈപാസ് റോഡ് നിർമാണത്തിൽ മൂടി പോയിരുന്നു.
കഴിഞ്ഞവർഷം വെള്ളക്കെട്ട് ഉണ്ടായപ്പോൾ അഞ്ചാം വാർഡ് അംഗം വിനയ പ്രസാദിന്റെ നേതൃത്വത്തിൽ ബന്ധപ്പെട്ടവർക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ബൈപാസിനടിയിലൂടെ കാന നിർമിച്ച് വെള്ളം കടത്തിവിടുമെന്ന് അധികൃതർ ഉറപ്പ് നൽകിയിരുന്നതാണ്. എന്നാൽ, ബന്ധപ്പെട്ടവർ വേണ്ട നടപടി കൈകൊണ്ടില്ല. ഇതാണ് വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണമായത്. കലാഞ്ഞി പാലത്തിന് പടിഞ്ഞാറ്, കലാഞ്ഞി കോളനിക്ക് പടിഞ്ഞാറ്, പുന്നച്ചോട് മേഖലയിൽ നിരവധി വീടുകൾ വെള്ളക്കെട്ട് ഭീഷണിയിലാണ്.
വെള്ളം ഒഴുക്കിവിടാൻ ഇപ്പോഴേ സൗകര്യമൊരുക്കിയില്ലെങ്കിൽ വീടുകൾക്ക് ഭീഷണിയായിരിക്കും. ജനങ്ങളുടെ ജീവിതം ദുരിതപൂർണമാകുന്ന പ്രശ്നത്തിന് ഒരു ശാശ്വത പരിഹാരം കാണണമെന്ന് ആർ.എം.പി.ഐ നാല്, അഞ്ച് വാർഡുകളുടെ സംയുക്ത യോഗം ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു. വി.എ. ഷാബിൻ അധ്യക്ഷത വഹിച്ചു. പി.ബി. രഘുനാഥൻ, ടി.കെ. കണ്ണൻ, ടി.സി. ഷിജോയ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

