കോവിഡ് രോഗികളെന്ന പേരിൽ കുഞ്ഞുങ്ങളുടെ ഫോട്ടോ പ്രചരിപ്പിച്ചു; യുവതി പരാതി നൽകി
text_fieldsകൊടുങ്ങല്ലൂർ: കോവിഡ് ബാധിച്ചുവെന്ന വ്യാജേന സാമൂഹിക മാധ്യമങ്ങളിൽ കുഞ്ഞുങ്ങളുടെ ഫോട്ടോ പ്രദർശിപ്പിച്ച് സാമൂഹിക ദ്രോഹികളുടെ ക്രൂരത. സംഭവം സംബന്ധിച്ച് അന്വേഷണ നടപടികൾ ആവശ്യപ്പെട്ട് കുട്ടികളുടെ മാതാവും മതിലകം സ്വദേശിനിയുമായ യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകി. ഒപ്പം ആരോഗ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി അയച്ചിട്ടുണ്ട്.
കഴിഞ്ഞ 25ന് വൈകീട്ടാണ് യുവതിയുടെ ഫോണിലെ വാട്സ് അപ്പിൽ കുട്ടികളുടെ ഫോട്ടോ സഹിതം കോവിഡ് വാർത്തവന്നത്. പ്രമുഖ ചാനലിൽ വന്ന വാർത്തയുടെ വോയ്സ് ഉപയോഗപ്പെടുത്തിയായിരുന്നു ക്രൂരത. വോയ്സിനോടൊപ്പം 11വയസ്സും 11മാസവും പ്രായമായ രണ്ട് മക്കളുടെ ഫോട്ടോയാണ് വ്യാജമായി പ്രചരിപ്പിച്ചത്. ഇത് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് മതിലകം പൊലീസിലും പരാതി നൽകി.
