പാലം വന്നിട്ട് പതിറ്റാണ്ട്; ബസ് സർവിസ് യാഥാർഥ്യമായില്ല
text_fieldsമാരേക്കാട്-അഷ്ടമിച്ചിറ റോഡും പാലവും
മാള: അഷ്ടമിചിറ, മാരേക്കാട് വഴി ഇരിങ്ങാലക്കുട, തൃശൂർ ബസ് സർവിസ് ആരംഭിക്കണമെന്നാവശ്യം ശക്തം. നേരത്തേ മാളയിൽനിന്ന് മാരേക്കാട് വഴി ബസ് സർവിസ് ആരംഭിക്കുമെന്ന് വി.ആർ. സുനിൽ കുമാർ എം.എൽ.എ പറഞ്ഞിരുന്നു. മാള-മാരേകാട്-ആലുവ കെ.എസ്.ആർ.ടി.സി നേരത്തെ സർവിസ് നിലനിന്നിരുന്നു. 2015ൽ ഇത് നിർത്തി. അതേവർഷം മാള പഞ്ചായത്തിലെ മാരേക്കാടിനെയും പുത്തൻചിറ പഞ്ചായത്തിലെ കുന്നത്തേരിയെയും ബന്ധിച്ച് പാലം നിലവിൽ വന്നു. ഇതോടെ ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിൽനിന്ന് ചാലക്കുടിയിലേക്ക് ദൂരം കുറഞ്ഞു. അതേസമയം സർവിസ് വീണ്ടും നടത്താനായില്ല പുത്തൻചിറ, വെള്ളൂർ, അഷ്ടമിച്ചിറ എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള നൂറുകണക്കിന് വിദ്യാർഥികളാണ് ഇതിനാൽ യാത്രാദുരിതം പേറുന്നത്.
പുത്തൻചിറ, മാള പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലേക്കും പുത്തൻചിറ മാള ഹോമിയോ ഡിസ്പെൻസറികളിലേക്കും ഗുരുതിപ്പാല, കുഴിക്കാട്ടുശ്ശേരി ആയുർവേദ ഡിസ്പെൻസറികളിലേക്കും വില്ലേജ്, പഞ്ചായത്ത്, രജിസ്ട്രാർ ഓഫിസ്, മിനി സിവിൽ സ്റ്റേഷൻ എന്നിവിടങ്ങളിലേക്കും എത്തിപ്പെടാനുള്ള പ്രധാന റോഡാണിത്.

