ബസ് യാത്രയിൽ കവർച്ച; യുവതി പിടിയിൽ
text_fieldsസുബിത
തൃശൂർ: തിരക്കുള്ള ബസുകളിൽ കയറി യാത്രക്കാരുടെ പഴ്സും പണവും മോഷ്ടിക്കാൻ ശ്രമിച്ച യുവതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. തമിഴ്നാട് അണ്ണാമല സ്വദേശി സുബിതയെ (25) ആണ് യാത്രക്കാർ പിടികൂടിയത്. ഇക്കഴിഞ്ഞ ദിവസം തൃശൂരിലേക്ക് വരുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിൽ വെച്ച് ഒരു യാത്രക്കാരന്‍റെ ബാഗിൽനിന്ന് പഴ്സും പണവും മോഷ്ടിക്കാൻ ശ്രമിക്കുമ്പോഴായിരുന്നു യാത്രക്കാർ പിടികൂടിയത്.
തിരക്കുള്ള ബസുകളിൽ യാത്രക്കാരിൽ നിന്ന് പണവും വിലപിടിപ്പുള്ള സാധനങ്ങളും മോഷ്ടിക്കുന്നവർ നഗരത്തിൽ വിലസുന്നുണ്ടെന്ന് തൃശൂർ സിറ്റി പൊലീസ് സമൂഹ മാധ്യമങ്ങളിലൂടെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത്തരത്തിലുള്ള മോഷ്ടാക്കൾ തിരക്കുള്ള ബസുകളിൽ യാത്രചെയ്ത്, അതി വിദഗ്ധമായി യാത്രക്കാരുടെ ബാഗുകളിൽ നിന്നും പോക്കറ്റിൽ നിന്നും മോഷണം നടത്തുന്ന രീതി വ്യക്തമാക്കുന്ന വിഡിയോയും തൃശൂർ സിറ്റി പൊലീസ് പുറത്തുവിട്ടിരുന്നു. ഈ വാർത്തയാണ് യാത്രക്കാരന്‍റെ ജാഗ്രതക്ക് കാരണമായത്.
മോഷ്ടാവ് ബാഗും പഴ്സും മോഷണം നടത്തിയിരുന്നുവെങ്കിൽ, ജോലിയുടെ ഭാഗമായി തന്റെ പഴ്സിൽ സൂക്ഷിച്ചിരുന്ന പതിനായിരത്തോളം രൂപ നഷ്ടപ്പെടുമായിരുന്നുവെന്ന് യാത്രക്കാരൻ പറഞ്ഞു. സുബിതയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജറാക്കി റിമാൻഡ് ചെയ്തു.
ജാഗ്രത പാലിക്കണമെന്ന് പൊലീസ്
പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവർ തങ്ങളുടെ കൈവശമുള്ള ബാഗ്, പണം, പഴ്സ്, മൊബൈൽ ഫോൺ, ലാപ്ടോപ് തുടങ്ങിയ വസ്തുക്കളെക്കുറിച്ച് ജാഗ്രത പാലിക്കണം. നഗരത്തിലെ തിക്കും തിരക്കും മറയാക്കി കുറ്റവാളികൾ കുറ്റകൃത്യങ്ങൾക്കു ശ്രമിക്കാൻ സാധ്യതയുണ്ട്.
എന്തെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻതന്നെ പൊലീസ് എയ്ഡ് പോസ്റ്റിലോ പൊലീസ് സ്റ്റേഷനിലോ റിപ്പോർട്ട് ചെയ്യുക. തൃശൂർ പൂരം തിരക്ക് കണക്കിലെടുത്ത് സ്വരാജ് റൗണ്ട്, തേക്കിൻകാട് മൈതാനം, എക്സിബിഷൻ ഗ്രൗണ്ട് എന്നിവിടങ്ങളിൽ കൂടുതൽ പൊലീസുദ്യോഗസ്ഥരേയും മഫ്തി പൊലീസ് ഉദ്യോഗസ്ഥരേയും വിന്യസിച്ചിട്ടുണ്ട്. 24 മണിക്കൂറും പൊലീസ് സഹായത്തിന് വിളിക്കുക: 112, തൃശൂർ സിറ്റി പൊലീസ് കൺട്രോൾ റൂം: 0487 -2424193.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

