നഗര ഹൃദയത്തിൽ ഭീഷണിയുയർത്തി ‘കെട്ടിട ബോംബുകൾ’
text_fieldsകോർപറേഷൻ കണ്ടെത്തിയ അപകടാവസ്ഥയിൽ ഉൾപ്പെട്ട കെട്ടിടങ്ങൾ
തൃശൂർ: നഗരത്തിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങളിലടക്കം 271ഓളം കെട്ടിടങ്ങൾ കാലപ്പഴക്കംചെന്നും ബലക്ഷയം സംഭവിച്ചും അപകടാവസ്ഥയിൽ. കോർപറേഷൻ എൻജിനിയറിങ് വിഭാഗം സമർപ്പിച്ച റിപ്പോർട്ടിൽ 271 കെട്ടിടങ്ങൾ നഗരത്തിൽ അപകടാവസ്ഥയിലുണ്ട്. കുറുപ്പം റോഡ്, പോസ്റ്റ് ഓഫിസ് റോഡ്, ഹൈറോഡ്, നെഹ്റു ബസാർ, അയ്യന്തോൾ ലെയിൻ, സ്വരാജ് റൗണ്ട്, എം.ഒ റോഡ്, ജയ്ഹിന്ദ് മാർക്കറ്റ് തുടങ്ങി നഗരത്തിലെ പ്രധാന ഇടങ്ങളിൽ നിരവധി കെട്ടിടങ്ങളാണ് ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലുള്ളത്. ജനങ്ങളുടെ നിരന്തര പരാതികൾക്കും പ്രതിഷേധങ്ങൾക്കും പുല്ലുവില കൽപ്പിക്കുന്ന കോർപറേഷൻ അധികൃതരുടെ നിസ്സംഗതയിൽ നഗരവാസികൾ കടുത്ത ആശങ്കയിലാണ്.
കഴിഞ്ഞദിവസങ്ങളിൽ നഗരത്തിലുണ്ടായ സംഭവങ്ങൾ സ്ഥിതിഗതികളുടെ ഗുരുതരാവസ്ഥ വ്യക്തമാക്കുന്നു. വലിയ ചില്ല് താഴെ പതിക്കുകയും ലിഫ്റ്റ് പ്രവർത്തനരഹിതമായി നാല് തൊഴിലാളികളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തുകയും ചെയ്ത ‘ജോംസൺ’ എന്നകെട്ടിടം, കോർപറേഷൻ അപകടാവസ്ഥയിലെന്ന് കണ്ടെത്തിയ കെട്ടിടങ്ങളുടെ പട്ടികയിൽ പത്താം സ്ഥാനത്തുള്ളതാണ്. ചെട്ടിയങ്ങാടി ജങ്ഷനിലെ നിരവധി കെട്ടിടങ്ങൾ അപകടകരമായ നിലയിൽ തുടരുന്നു. കാലപ്പഴക്കം മൂലം ബലഹീനമായ കെട്ടിടങ്ങളാണ് കൂടുതൽ. കെട്ടിടങ്ങൾക്ക് മുകളിലെ ഷീറ്റുകളുടെ അവസ്ഥയും ദയനീയമാണ് പലയിടത്തും ഷീറ്റുകൾ താങ്ങി നിർത്തുന്ന തൂണുകൾ തുരുമ്പ് പിടിച്ചു ദ്രവിച്ചിരിക്കുകയാണ്. പല കെട്ടിടങ്ങളുടെയും ഭിത്തികൾ വിണ്ടും പൊളിഞ്ഞും നിൽക്കുന്ന സാഹചര്യമാണുള്ളത്.
ശക്തമായ കാറ്റിലും മഴയിലും ഇവയിൽ പലതും അടർന്നുവീഴുന്നത് സ്ഥിരമാണ്. കാൽനട യാത്രികർക്ക് ഭീഷണിയായി നിൽകുകയാണീ ‘കെട്ടിട ബോംബുകൾ’. കാലഹരണപ്പെട്ടതും സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാത്തതുമായ കെട്ടിടങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാത്ത പക്ഷം വരും ദിവസങ്ങളിൽ കൂടുതൽ അപകടങ്ങൾ സംഭവിക്കാനുള്ള സാധ്യത ഏറെയാണ്. വീശിയടിച്ച കാറ്റിലും മഴയിലും തകർന്നുവീണ കോർപറേഷൻ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ ഇരുമ്പ് മേൽക്കൂര മാസങ്ങളായി അപകടാവസ്ഥയിലായിരുന്നു. മേൽക്കൂരയുടെ മുൻഭാഗം പൊളിഞ്ഞപ്പോൾ കമ്പികെട്ടി താങ്ങിനിർത്തിയിരുന്നു എന്ന ഗുരുതര ആരോപണമുണ്ട്. അപകടം നടന്ന് 24 മണിക്കൂറിനകം റിപ്പോർട്ട് നൽകാൻ ഉത്തരവിട്ട കോർപറേഷൻ പിന്നീട് മൗനത്തിലാണ്.
അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളെക്കുറിച്ച് ചർച്ചചെയ്യാൻ കൗൺസിൽ യോഗം വിളിക്കണമെന്ന ആവശ്യംപോലും പരിഗണിക്കപ്പെടുന്നില്ല. കെട്ടിടങ്ങളുടെ ബലപരിശോധന സർട്ടിഫിക്കറ്റുകൾ പലതും വ്യാജമാണെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് രാജൻ ജെ. പല്ലൻ രംഗത്തെത്തി. ഗവ. എൻജിനീയറിങ് കോളജിൽനിന്നാണ് കെട്ടിടങ്ങൾക്ക് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകുന്നത്. എന്നാൽ, ഭൂരിഭാഗം സർട്ടിഫിക്കറ്റുകളും സ്ഥലപരിശോധന നടത്താതെ, കെട്ടിടങ്ങളുടെ ഫോട്ടോ മാത്രം കണ്ട് നൽകിയവയാണെന്നും ഇതാണ് തുടർച്ചയായ അപകടങ്ങൾക്ക് കാരണമെന്നും അദ്ദേഹം ആരോപിച്ചു. മഴക്കാലവും സ്കൂൾ പ്രവേശനോത്സവവും കണക്കിലെടുത്ത് താൽക്കാലികമായി നിർത്തിവെച്ച പ്രതിഷേധ പരിപാടികൾ ആരംഭിക്കാൻ ഒരുങ്ങുകയാണ് പ്രതിപക്ഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

