കുട്ടിച്ചിറ, എലിച്ചിറ പാലങ്ങൾ അപകട ഭീഷണിയിൽ
text_fieldsപൊയ്യ പുത്തൻവേലിക്കര എലിച്ചിറ പാലം
മാള: പുത്തൻവേലിക്കര റോഡിലെ കുട്ടിച്ചിറ, എലിച്ചിറ പാലങ്ങൾ അപകട ഭീഷണിയിൽ. കണകൻകടവ്-കോട്ടപുറം പുഴയുടെ തോടിന് കുറുകെയുള്ള രണ്ടു പാലങ്ങളും അഞ്ഞൂറ് മീറ്റർ ദൂരപരിധയിലാണ് സ്ഥിതിചെയ്യുന്നത്. എലിച്ചിറയിൽ ഉപ്പു ജലം തടയുന്നതിനുള്ള സംവിധാനം പ്രവർത്തനരഹിതമാണ്. ഇത് പുനർനിർമിച്ച് കാർഷിക മേഖലക്ക് പ്രയോജനപ്പെടുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
എലിച്ചിറ പാലത്തിന്റെ കമ്പികൾ ദ്രവിച്ച് അടിവശത്തെ ഇരുമ്പു കമ്പികൾ തുരുമ്പെടുത്ത് പുറത്തുവന്ന നിലയിലാണ്. പാലത്തിനടിയിൽ പലയിടത്തും കോൺക്രീറ്റ് അടർന്ന് വീണിട്ടുമുണ്ട്. എലിച്ചിറ പാലത്തിന്റെ പുനർനിർമാണത്തിന് ഫണ്ട് വകയിരുത്തിയിട്ടുണ്ടെങ്കിലും നടപടിക്രമങ്ങൾ തുടങ്ങിയിട്ടില്ല. യുദ്ധകാലാടിസ്ഥാനത്തിൽ പാലം പുനർനിർമിക്കണമെന്ന ആവശ്യം ശക്തമാണ്.
1960കളിൽ നിർമാണം നടത്തിയ രണ്ട് പാലങ്ങൾക്കും ബലക്ഷയമുണ്ട്. പുത്തൻവേലിക്കരയെ പറവൂരുമായി ബന്ധിപ്പിക്കുന്ന ചേന്ദമംഗലം പാലം തുറന്നതോടെ ഈ റോഡിൽ ഗതാഗതം ഇരട്ടിയായിട്ടുണ്ട്. എറണാകുളം ജില്ലയിൽ കുട്ടിച്ചിറ മുതൽ ടാറിങ് നടത്തിയിട്ടുണ്ടെങ്കിലും തൃശൂരിലേക്ക് കടക്കുന്ന ഭാഗം ടാറിങ് നടത്തിയിട്ടില്ല. പൊയ്യ പഞ്ചായത്തിന്റെ അതിർത്തി പ്രദേശമാണ് എലിച്ചിറ. ഇതുവഴി മാളയിൽ നിന്ന് വടക്കൻ പറവൂരിലേക്ക് എത്താൻ കുറഞ്ഞ ദൂരം മതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

