മത്സ്യബന്ധനത്തിനിടെ കടലിൽ വള്ളം മുങ്ങി
text_fieldsമത്സ്യബന്ധനത്തിനിടെ കടലിൽ മുങ്ങിയ വള്ളത്തിലെ തൊഴിലാളികളെ രക്ഷപ്പെടുത്തുന്നു
എറിയാട്: കടലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മുങ്ങി. വള്ളത്തിലുണ്ടായിരുന്ന 16 തൊഴിലാളികളെ ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് റസ്ക്യൂ സംഘം രക്ഷപ്പെടുത്തി കരയിലെത്തിച്ചു. അഴീക്കോട് ഫിഷ് ലാൻഡിങ് സെൻററിൽനിന്ന് ശനിയാഴ്ച പുലർച്ച കടലിൽ പോയ ‘ബാദുഷ’ ഫൈബർ വള്ളമാണ് അപകടത്തിൽപ്പെട്ടത്. അഴീക്കോട് ലൈറ്റ് ഹൗസിന് 1.5 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം.
മത്സ്യബന്ധനം കഴിഞ്ഞ വലയും മീനും കയറ്റുന്ന സമയത്താണ് ശക്തമായ തിരയിൽപ്പെട്ട് വള്ളം മുങ്ങിയത്. അഴീക്കോട് ലൈറ്റ്ഹൗസ് സ്വദേശി ചുള്ളിപ്പറമ്പിൽ ഷെഫീർ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് വള്ളം. വള്ളത്തിൽ ഉണ്ടായിരുന്ന തൊഴിലാളികൾ ഫിഷറീസ് അസിസ്റ്റൻറ് ഡയറക്ടർ പി.കെ. ഗ്രേസിയെ വിവരം അറിയിക്കുകയായിരുന്നു. മുങ്ങിയ വള്ളം വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ നാളെ തുടരും.
മറൈൻ എൻഫോഴ്സ്മെൻറ് ആൻഡ് വിജിലൻസ് വിങ് ഓഫിസർമാരായ വി.എം. ഷൈബു, വി.എൻ. പ്രശാന്ത് കുമാർ, ഇ.ആർ. ഷിനിൽകുമാർ ഗാർഡുമാരായ കൃഷ്ണപ്രസാദ്, സുധീഷ് സ്രാങ്ക് ദേവസി ഡ്രൈവർ റോക്കി എന്നിവർ നേതൃത്വം നൽകി. ദേശീയ സമുദ്ര പരിസ്ഥിതി പഠന ഗവേഷണ കേന്ദ്രം നൽകുന്ന കാലാവസ്ഥ മുന്നറിയിപ്പുകളും ഫിഷറീസ് വകുപ്പിന്റെ നിർദേശങ്ങളും പാലിക്കണമെന്ന് ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. സി. സീമ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

