കാഞ്ഞാണി: വിനോദസഞ്ചാമേഖലയുടെ വികസന സാധ്യത മനസ്സിലാക്കി മണലൂർ പഞ്ചായത്ത് ഡെസ്റ്റിനേഷൻ ടൂറിസത്തിന്റെ ഭാഗമായി കണ്ടശ്ശാംകടവ് സൗഹൃദതീരത്ത് ബോട്ട് സർവിസ് ആരംഭിച്ചു. ട്രയൽ റൺ നടത്തി.
പൊതുജനങ്ങൾക്കായി രാവിലെ ഏഴു മുതൽ വൈകീട്ട് ആറുവരെ ബോട്ടിങ് ഉണ്ടാകും. അടുത്തുതന്നെ പെഡല്‍ ബോട്ട്, കയാക്കിങ്, ശിക്കാര എന്നിവയും ഉണ്ടാകും. കണ്ടശ്ശാംകടവ് കനോലി പുഴയിലൂടെയാണ് സർവിസ്. കടവിൽ ബോട്ട് ജെട്ടി നേരത്തേ ഒരുക്കിയിരുന്നു. സമീപം കുട്ടികളുടെ പാർക്ക് ഏതാനും വർഷം മുമ്പ് സ്ഥാപിച്ചിരുന്നു. പവലിയനുമുണ്ട്. ഇവിടെയാണ് കണ്ടശ്ശാംകടവ് ജലോത്സവവും നടന്നുവരുന്നത്.
കൊല്ലം മുതൽ കോഴിക്കോട് വരെ കായലോര ടൂറിസത്തിന് സർക്കാർ പച്ചക്കൊടി കാണിച്ചിട്ടുണ്ട്. കോട്ടപ്പുറം മുതൽ തൃപ്രയാർ, കണ്ടശ്ശാംകടവ് ചേറ്റുവ, ചാവക്കാട് വഴിയാണ് ജില്ലയിൽ ബോട്ട് സർവിസ് ആരംഭിക്കുന്നത്. ഇത് കണ്ടറിഞ്ഞാണ് മണലൂർ പഞ്ചായത്ത് കണ്ടശ്ശാംകടവിൽ ബോട്ട് സർവിസ് പദ്ധതിക്ക് തുടക്കം കുറിച്ചത്. നേരത്തേ കാരമുക്ക് സർവിസ് സഹകരണ ബാങ്ക് പദ്ധതി ആവിഷ്കരിച്ചെങ്കിലും നടന്നില്ല. സർവിസ് തുടങ്ങിയാൽ ടൂറിസ്റ്റുകളടക്കം വരുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.