സാധാരണക്കാരെ ഞെരുക്കി ബ്ലേഡ് മാഫിയ വീണ്ടും സജീവം
text_fieldsപ്രതീകാത്മക ചിത്രം
പഴയന്നൂർ: ഓപ്പറേഷൻ കുബേര നിലച്ചതോടെ പ്രദേശത്ത് ബ്ലേഡ് മാഫിയ വീണ്ടും സജീവമായിതുടങ്ങി. സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന സാധാരണക്കാര്‍, വീട്ടമ്മമാര്‍, ചെറുകിട കച്ചവടക്കാര്‍ തുടങ്ങിയവരാണ് ബ്ലേഡ് മാഫിയക്കാരുടെ പ്രധാന ഇരകള്‍. മുമ്പ് ഓപ്പറേഷൻ കുബേരയിൽ അറസ്റ്റിലായ തിരുവില്വാമല സ്വദേശിനിയായ കൊള്ളപലിശക്കാരിക്കെതിരെ പഴയന്നൂരിലെ വീട്ടമ്മ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. ഇവർക്കെതിരെ നേരത്തേ ലക്കിടി സ്വദേശിയും ഉന്നത പൊലീസ് ഉേദ്യാഗസ്ഥർക്ക് പരാതി നൽകിയിരുന്നു. അതിലും നടപടിയൊന്നും ഉണ്ടായില്ല. ഇവർക്കെതിരെ ആരെങ്കിലും പരാതി പറയുകയോ ചോദിക്കുകയോ ചെയ്താൽ അവർക്കെതിരെ പൊലീസിലും വനിത കമീഷനിലും പരാതി നൽകി ഭയപ്പെടുത്തി നിശബ്ദരാക്കും.
അല്ലെങ്കിൽ വക്കീൽ നോട്ടീസ് അയക്കും. കേസും പൊല്ലാപ്പും നാണക്കേടും പേടിച്ച് ഇരകൾ നിശബ്ദരാകും. നിയമ വ്യവസ്ഥയിൽ സ്ത്രീയെന്ന നിലയിൽ കിട്ടുന്ന പരിഗണനയും പ്രയോജനപ്പെടുത്തിയാണ് പലപ്പോഴും ഇവർക്കെതിരെയുള്ള നീക്കങ്ങളിൽനിന്ന് രക്ഷപ്പെടുന്നത്. ഇതാണ് ഇവരുടെ രീതി. രാഷ്ട്രീയമായും ബന്ധങ്ങളുള്ള ഇവർക്ക് ഭരണകക്ഷിയിലെ മുതിർന്ന നേതാവിന്റെ വിശ്വസ്ഥൻ തുണക്കുന്നതായി ആരോപണമുണ്ട്. ഇവർ മുമ്പ് കുബേരയിൽ പിടിയിലായതായി അറിയില്ലെന്ന് പഴയന്നൂർ എസ്.എച്ച്.ഒ അറിയിച്ചു. പലപ്പോഴും ലോക്കൽ പൊലീസ് ഇവർക്കനുകൂല നിലപാടെടുക്കുന്നതായാണ് ഇരകളുടെ ആക്ഷേപം.
ഇതൊരു കൊടിയ ചൂഷണമെന്നറിയാതെയാണ് സാധാരണക്കാർ വായ്പക്ക് ഇത്തരക്കാരെ സമീപിക്കുന്നത്. ഒരു തവണ കെണിയില്‍ അകപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ അതില്‍ നിന്ന് തലയൂരുക പ്രയാസം. എത്ര അടച്ചാലും പലിശയും പലിശക്കുമേല്‍ പലിശയുമായി തിരിച്ചടവ് സംഖ്യ അടിക്കടി ഉയര്‍ന്നു കൊണ്ടിരിക്കും. കിടപ്പാടവും കെട്ടുതാലിയുമെല്ലാം നഷ്ടപ്പെട്ടവരും ജീവനൊടുക്കിയവരുമുണ്ട് ഇരകളില്‍. ചെറുകിട സമ്പന്നര്‍ മുതല്‍ വന്‍കിടക്കാര്‍, സര്‍ക്കാര്‍ ജോലിക്കാര്‍, അതിര്‍ത്തി കടന്നെത്തുന്ന തമിഴന്മാര്‍, ഉത്തരേന്ത്യക്കാര്‍ വരെയുണ്ട് ബ്ലേഡ് മാഫിയക്കാരുടെ ഗണത്തില്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

