തൃശൂരിലേക്ക് 'സ്റ്റാർ സ്ഥാനാർഥി'യെ തേടി ബി.ജെ.പി
text_fieldsതൃശൂർ: തൃശൂരിൽ സ്ഥാനാർഥിയാവാൻ താരപദവിയുള്ളയാളെ തേടി ബി.ജെ.പി. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സുരേഷ്ഗോപിയുടെ മൽസരത്തിലൂടെ താരപദവിയിലേക്കുയർന്ന തൃശൂരിൽ നിയമസഭ തെരഞ്ഞെടുപ്പിൽ സമാനനായ ഒരാളെ സ്ഥാനാർഥിയായി കിട്ടാനുള്ള ശ്രമത്തിലാണ് ബി.ജെ.പി നേതൃത്വം.
സുരേഷ്ഗോപിയെ മൽസരിപ്പിക്കാനുള്ള സമ്മർദം നേതൃതലത്തിൽ നടക്കുന്നുണ്ടെങ്കിലും അത് തിരുവനന്തപുരത്തേക്കാണ്. മുൻ ഡി.ജി.പി ജേക്കബ് തോമസിനെ ഇരിങ്ങാലക്കുടയിലും മെട്രോമാൻ ഇ. ശ്രീധരനെ തൃപ്പുണിത്തുറയിലും ധാരണയായിട്ടുണ്ട്. എന്നാൽ, തൃശൂരിലേക്ക് ആളെ കിട്ടിയിട്ടില്ല. മുൻ ഡി.ജി.പി ടി.പി. സെൻകുമാർ മൽസരിക്കാൻ ബി.ജെ.പി നേതൃത്വത്തെ സമ്മതമറിയിച്ചിട്ടുണ്ട്. എന്നാൽ, തൃശൂരിലേക്ക് പരിഗണിക്കണോ എന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല.
നിലവിൽ സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണൻ, ജില്ല പ്രസിഡൻറ് കെ.കെ. അനീഷ്കുമാർ, സംസ്ഥാന വൈസ് പ്രസിഡൻറ് എം.എസ്. സമ്പൂർണ എന്നിവരുടെ പേരുകളാണ് പരിഗണന ചർച്ചയിലുള്ളത്. ചൊവ്വാഴ്ച മണ്ഡലം പ്രസിഡൻറുമാർ, ജനറൽ സെക്രട്ടറിമാർ അടക്കമുള്ളവരിൽ നിന്ന് സ്ഥാനാർഥികളെയും പ്രകടനപത്രികയിലേക്കുള്ള നിർദേശങ്ങളും സംബന്ധിച്ച അഭിപ്രായശേഖരണം നടത്തി.
മണലൂർ-എ.എൻ. രാധാകൃഷ്ണൻ, ഗുരുവായൂർ-നിവേദിത, ചേലക്കര-ബാലകൃഷ്ണൻ, ഇരിങ്ങാലക്കുട-ജേക്കബ് തോമസ്, പുതുക്കാട്-എ. നാഗേഷ്, കൊടുങ്ങല്ലൂർ-സന്തോഷ് ചെറാക്കുളം എന്നിവിടങ്ങളിലെ സ്ഥാനാർഥികളെ സംബന്ധിച്ച് മാത്രമേ ഏകദേശ തീരുമാനത്തിലെത്തിയിട്ടുള്ളൂ.
മറ്റ് സാഹചര്യങ്ങളുണ്ടെങ്കിൽ മാത്രമേ ഇവരിൽ മാറ്റം വരൂ. നാട്ടിക, വടക്കാഞ്ചേരി എന്നിവിടങ്ങളിലും ബി.ഡി.ജെ.എസിന് അനുവദിക്കുന്ന ചാലക്കുടി, ഒല്ലൂർ, കയ്പമംഗലം സീറ്റുകളിലും സ്ഥാനാർഥികളിലും ധാരണയിലെത്തിയിട്ടില്ല. ഈ ആഴ്ച തന്നെ എല്ലാം പൂർണമാവുമെന്നാണ് നേതാക്കൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

