ബയോഗ്യാസ് പ്ലാൻറ് പദ്ധതി; പട്ടികവിഭാഗങ്ങളുടെ സബ്സിഡിയിൽ കത്തിവെച്ച് കോർപറേഷൻ
text_fieldsതൃശൂർ: തൃശൂർ കോർപറേഷൻ ബയോഗ്യാസ് പ്ലാൻറ് പദ്ധതിയിൽ മാർഗനിർദേശങ്ങൾക്ക് വിരുദ്ധമായി പട്ടികവിഭാഗങ്ങളുടെ സബ്സിഡി വെട്ടിക്കുറച്ചെന്ന് റിപ്പോർട്ട്. ജനറൽ വിഭാഗത്തിലെ ഗുണഭോക്താക്കൾക്ക് സബ് സിഡി അധികമായി നൽകിയെന്നും പരിശോധനയിൽ കണ്ടെത്തി. പദ്ധതി നടത്തിപ്പിൽ വീഴ്ച സംഭവിച്ചതായും വ്യക്തമായി. സബ്സിഡിയോടെ ബയോഗ്യാസ് പ്ലാൻ്റ് വിതരണം ചെയ്യുന്ന പദ്ധതി തൃശൂർ കോർപറേഷന്റെ ആരോഗ്യ വിഭാഗമാണ് 2023-24 വർഷത്തിൽ നടപ്പാക്കിയത്. 1000 ബയോഗ്യാസ് പ്ലാന്റുകൾ വിതരണം ചെയ്യാനായിരുന്നു തീരുമാനം.
പദ്ധതിയുടെ മാർഗനിർദേശങ്ങൾ അനുസരിച്ച് ബയോഗ്യാസ് യൂനിറ്റിന് 10,500 രൂപയായിരുന്നു ചെലവ്. പൊതുവിഭാഗ ഗുണഭോക്താക്കൾക്ക് ഗുണഭോക്തൃ സംഭാവന യൂനിറ്റ് ചെലവിന്റെ 50 ശതമാനവും എസ്.സി/എസ്.ടി ഗുണഭോക്താക്കൾക്ക് 25 ശതമാനവും ആയിരിക്കണം. പദ്ധതി പ്രകാരം ബയോഗ്യാസ് പ്ലാൻറുകൾ വിതരണം ചെയ്ത ഗുണഭോക്താക്കളുടെ ആകെ എണ്ണം 470 ആണ്. എന്നാൽ, തൃശൂർ കോർപറേഷൻ ഗുണഭോക്താക്കളെ എസ്.സി/എസ്.ടി ഗുണഭോക്താക്കളായും ജനറൽ എന്നും വേർതിരിക്കാതെ ബയോഗ്യാസ് പ്ലാന്റുകൾ വിതരണം ചെയ്തു.
കോർപറേഷൻ ഓരോ ഗുണഭോക്താവിനെയും പൊതുവിഭാഗ ഗുണഭോക്താവായി കണക്കാക്കി. എല്ലാവർക്കും ഗുണഭോക്തൃ സംഭാവന 3,300 രൂപയെന്ന് (31.4 ശതമാനം) നിശ്ചയിച്ചു.ജീവനക്കാരുമായി നടത്തിയ അന്വേഷണത്തിൽ ഗുണഭോക്തൃ വിഹിതം (5,250) കൂടുതലായതിനാൽ ജനറൽ വിഭാഗത്തിലെ ഗുണഭോക്താക്കൾക്ക് ബയോഗ്യാസ് പ്ലാന്റുകൾ വാങ്ങാൻ താൽപര്യമില്ലെന്ന് കണ്ടെത്തി. എന്നാൽ എസ്.സി/എസ്.ടി വിഭാഗത്തിലെ ഗുണഭോക്താക്കൾക്ക് വിഹിതം 25 ശതമാനം (2,650) മാത്രമായിരുന്നു. അതിനാൽ എല്ലാവർക്കും ഗുണഭോക്തൃ സംഭാവന 3300 (31.4 ശതമാനം) ആയി നിശ്ചയിച്ചു. ഇതുവഴി ജനറൽ, എസ്.സി/എസ്.ടി വിഭാഗങ്ങൾ എന്ന വർഗീകരണം പരിഗണിക്കാതെ എല്ലാ ഗുണഭോക്താക്കൾക്കും 31.4 ശതമാനം നിരക്കിൽ ഒരേ സബ്സിഡി ലഭിച്ചു.
സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച സബ്സിഡി മാർഗനിർദേശങ്ങൾ ലംഘിച്ച് തൃശൂർ കോർപറേഷൻ, ബയോഗ്യാസ് പ്ലാന്റ് സബ്സിഡി നിരക്കിൽ വിതരണം ചെയ്യുന്ന പദ്ധതിയിൻ കീഴിൽ ജനറൽ വിഭാഗത്തിന് അധിക സബ്സിഡി നൽകുകയും എസ്.സി/എസ്.ടി വിഭാഗത്തിന് സബ്സിഡി കുറക്കുകയും ചെയ്തു. ഇതിനാൽ പട്ടികവിഭാഗത്തിനു അർഹമായ ആനുകൂല്യം ലഭിച്ചില്ലെന്നും ജനറൽ വിഭാഗത്തിന് അർഹിക്കാത്ത ആനുകൂല്യം ലഭിച്ചതായും പരിശോധനയിൽ കണ്ടെത്തി.
ബയോഗ്യാസ് സബ്സിഡി നൽകിയ 35 കേസുകളിൽ സംയുക്ത ഭൗതിക പരിശോധന നടത്തി. അതിൽ ഏഴിടത്ത് സ്ഥാപിച്ച ബയോഗ്യാസ് പ്ലാന്റുകൾ പ്രവർത്തിക്കുന്നില്ല. സബ്സിഡി പദ്ധതി പ്രകാരം വിതരണം ചെയ്ത ബയോഗ്യാസ് പ്ലാന്റുകൾ ഉപയോഗിക്കാത്തത് പാഴ്ച്ചെലവായി. ഇത് 20 ശതമാനമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

