ടൈൽ വൃത്തിയാക്കാൻ ബാറ്ററി ബ്രഷുമായി ഷാജഹാൻ
text_fieldsതൃശൂർ: ഇലക്ട്രിക് ചൂലും ഇലക്ട്രോണിക്സ് സ്റ്റെതസ്കോപ്പും കണ്ടുപിടിച്ച പുത്തൻചിറ സൗത്ത് സ്വദേശി എം.എ. ഷാജഹാൻ പുതിയ ഉൽപന്നവുമായി രംഗത്ത്. ടോയ്ലെറ്റിലെ ചുവരുകളിലേയും തറയിലേയും ടൈൽ ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കാനുള്ള യന്ത്ര സഹായമാണ് ഷാജഹാൻ ഇത്തവണ കണ്ടുപിടിച്ചത്. യുവ സംരംഭകർക്കും സ്റ്റാർട്ടപ്പുകൾക്കും നിർമാണ വൈദഗ്ധ്യം കൈമാറാൻ ആഗ്രഹിക്കുന്ന ഷാജഹാൻ ഈ ഉപകരണത്തിന്റെ പേറ്റന്റിനായി അപേക്ഷിക്കാനൊരുങ്ങുകയാണ്.
റീ ചാർജബിൾ ബാറ്ററിയിൽ പ്രവർത്തിക്കുന്ന മോട്ടോറിൽ ഘടിപ്പിച്ച കറങ്ങുന്ന ഒരു ബ്രഷാണ് പ്രധാന ഘടകം. പ്രത്യേക ആവൃത്തിയിൽ കറങ്ങുന്ന ബ്രഷുകൾ, ടൈലുകൾ വൃത്തിയാക്കാൻ ഉതകുംവിധമാണ് നിർമിച്ചത്. ചുവരുകൾ ചേരുന്നിടത്തെ മുക്കും മൂലകളും വൃത്തിയാക്കാൻ സാധിക്കും. ഒരു തവണ ചാർജ് ചെയ്താൽ ഒരു മണിക്കൂറിലേറെ തുടർച്ചയായി പ്രവർത്തിപ്പിക്കാം.
കഴുകാൻ ഉപയോഗിക്കുന്ന ഡിറ്റർജന്റ് ഇതിൽതന്നെ ഒഴിക്കാം. 2000 രൂപക്ക് ഉപകരണം നിർമിക്കാനാകുമെന്ന് ഷാജഹാൻ പറയുന്നു. സിവിൽ എൻജിനീയറിങ്ങാണ് ജോലിയെങ്കിലും മുമ്പ് പഠിച്ച ഇലക്ട്രോണിക്സിന്റെയും മെക്കാനിക്കൽ എൻജിനീയറിങ്ങിന്റേയും പരിമിതമായ അറിവുവെച്ചാണ് ഇത് നിർമിച്ചതെന്ന് ഇദ്ദേഹം പറയുന്നു. മുമ്പ് ഇത്തരത്തിൽ ഉപകാരപ്രദമായ ധാരാളം ഉപകരണങ്ങൾ നിർമിച്ച ഷാജഹാൻ ഹാം റേഡിയോ ഓപറേറ്ററാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

