സ്നേഹജ്വാലയിലൂടെ ബാബു തെരുവിനോട് വിടപറഞ്ഞു
text_fieldsഅണ്ടത്തോട് തങ്ങൾപ്പടിയിൽ ദുരിതജീവിതം നയിച്ചിരുന്ന ബാബുവിനെ ചാലിയം സ്നേഹജ്വാല ചാരിറ്റി പ്രവർത്തകർ ഏറ്റെടുക്കുന്നു
അണ്ടത്തോട്: അംഗപരിമിതനായ ബാബുവിന് തെരുവിൽനിന്ന് മോചനം. ഇനിയുള്ള ജീവിതം കോഴിക്കോട് ചാലിയം സ്നേഹജ്വാല ചാരിറ്റബ്ൾ സൊസൈറ്റിയുടെ അഭയമന്ദിരത്തിൽ. തൃശൂർ പുതുക്കാട് സ്വദേശിയായ ബാബുവിന് (69) ബോംബെയിൽ 24 വർഷം മുമ്പ് ട്രെയിൻ അപകടത്തിൽ പരിക്കേറ്റു. ജീവിതം വികലാംഗനാക്കി മാറ്റിയ ബാബു ചാവക്കാട് -പൊന്നാനി ദേശീയപാതയിലെ നിത്യ കാഴ്ചയാണ്.
നാല് ചക്രങ്ങളുള്ള ചെറിയ മരപ്പലകയിൽ ഉന്തിനീങ്ങുന്ന ബാബുവിന്റെ ജീവിതം സുമനസ്സുകളുടെ സഹായത്തിലായിരുന്നു. യാത്രക്കിടയിൽ വൈകിയാൽ വഴിയിൽ കാണുന്ന പീടികവരാന്തകളിൽ അന്തിയുറങ്ങലായിരുന്നു പതിവ്. ദേശീയപാത വികസനത്തോടെ ബാബുവിന്റെ പലകയിലൂടെയുള്ള യാത്രയും വഴിമുട്ടി. രാത്രിയിൽ ചേക്കേറുമായിരുന്ന കടത്തിണ്ണകളെല്ലാം വികസനത്തിന്റെ ഭാഗമായി പൊളിച്ചു. ജീവിതം ചോദ്യചിഹ്നമായി മാറിയതിനിടയിൽ പൊന്നാനിയിൽ ഒരു അപകടം കൂടിയുണ്ടായി. ബാബുവിന്റെ ഉന്തുവണ്ടിയിലേക്ക് ബൈക്ക് ഇടിച്ചുകയറി കൈവിരലിന് പരിക്കേറ്റു. കൈ പ്ലാസ്റ്ററിട്ടതിനാൽ ഭക്ഷണം കഴിക്കാനും വിഷമമായി. ഏറെ ദുരിതം നിറഞ്ഞ ജീവിതവുമായി അണ്ടത്തോട് തങ്ങൾപ്പടിയിലെ കടവരാന്തയിൽ കഴിച്ചുകൂട്ടുകയായിരുന്നു.
ബാബുവിന്റെ ദുരിതം നേരിൽകണ്ട് തങ്ങൾപ്പടിയിലെ വാലിപറമ്പിൽ ശാഫി, പഞ്ചായത്ത് അംഗം കെ.എച്ച്. ആബിദ്, മാധ്യമപ്രവർത്തകൻ വി. അബൂതാഹിർ തുടങ്ങിയവരുടെ ഇടപെടലിലൂടെയാണ് ചാലിയം സ്നേഹജ്വാല ചാരിറ്റബ്ൾ സൊസൈറ്റി പ്രവർത്തകരെത്തിയത്. വടക്കേക്കാട് പൊലീസിന്റെ സഹകരണത്തോടെ ബാബുവിനെ ഏറ്റെടുക്കാൻ തീരുമാനിച്ചു.
സൊസൈറ്റിയുടെ കീഴിലെ അഭയ മന്ദിരം പ്രവർത്തകരായ ജലീൽ ചാലിയം, ജംഷീർ എന്നിവരാണ് ബാബുവിനെ കൊണ്ടുപോകാൻ എത്തിയത്. പഞ്ചായത്ത് അംഗങ്ങളായ സജിത ജയൻ, കെ.എച്ച്. ആബിദ്, മുഹമ്മദ് ശാഫി വാലിപറമ്പിൽ, വടക്കേകാട് സ്റ്റേഷനിലെ പി.എ. ഫിറോസ്, കെ.ജി. ദേവേഷ് എന്നിവർ യാത്രയാക്കാൻ എത്തിയിരുന്നു.