അഴീക്കോട് ഫിഷ് ലാൻഡിങ് സെന്റർ; പുനർനിർമാണത്തിന് വഴിയൊരുങ്ങി
text_fieldsഅഴീക്കോട് ഫിഷ് ലാൻഡിങ് സെന്റർ പുനർനിർമാണത്തിനുള്ള വിശദ പദ്ധതി റിപ്പോർട്ട്
ഇ.ടി. ടൈസൺ എം.എൽ.എ എൻ.എഫ്.ഡി.ബി ഡയറക്ടർ പോത്തുരി നെഹറുവിന് കൈമാറുന്നു
അഴീക്കോട്: തീരദേശത്തെ മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ദീർഘകാല ആവശ്യമായ അഴീക്കോട് പൂച്ചക്കടവ് ഫിഷ് ലാൻഡിങ് സെന്റർ പുനർനിർമാണത്തിന് വഴിയൊരുങ്ങുന്നു. ഹാർബർ എൻജിനീയറിങ് വകുപ്പ് 20 കോടി രൂപയുടെ പദ്ധതിക്കാണ് രൂപരേഖ തയാറാക്കിയത്. വർഷങ്ങൾക്ക് മുമ്പ് തുടക്കം കുറിച്ച പദ്ധതി ചില നിയമനടപടികളും കോടതി ഇടപെടലുകളും മൂലം മുടങ്ങിക്കിടക്കുകയായിരുന്നു.
ദീർഘകാലത്തെ നിയമ പോരാട്ടങ്ങൾക്കൊടുവിൽ കോടതി വിധി സർക്കാറിന് അനുകൂലമായതോടെ ഇ.ടി. ടൈസൺ എം.എൽ.എ ഫിഷ് ലാൻഡിങ് സെന്റർ പുനർനിർമിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാറിന് കത്ത് നൽകിയിരുന്നു. ഇതിന്റെ ഭാഗമായി ഹാർബർ എൻജിനീയറിങ് വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. സർക്കാർ നടപ്പാക്കാൻ പോകുന്ന 20 കോടിയുടെ വിശദ പദ്ധതി റിപ്പോർട്ട് എൻ.എഫ്.ഡി.ബി എക്സിക്യൂട്ടിവ് ഡയറക്ടർ പോത്തുരി നെഹറുവിന് എം.എൽ.എ കൈമാറി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫൗസിയ ഷാജഹാൻ, ജില്ല പഞ്ചായത്ത് അംഗം സുഗത ശശിധരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ നൗഷാദ് കറുകപ്പാടത്ത്, അസ്ഫൽ, പഞ്ചായത്ത് അംഗങ്ങളായ സുമിത ഷാജി, പ്രസീന റാഫി, അംബിക ശിവപ്രിയൻ, സാറാബി ഉമ്മർ, സൂപ്രണ്ടിങ് എൻജിനീയർ വിജി കെ. തട്ടാംപുറം, എക്സിക്യൂട്ടിവ് എൻജിനീയർ കെ.പി. ഗയ, അസി. എക്സി. എൻജിനീയർ സാൾട്ട് വി. ജോർജ്, അസി. എൻജിനീയർമാരായ ഫാബി മോൾ, അൽവി പി. ഗോപാൽ എന്നിവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

