അധികൃതരുടെ അനാസ്ഥ; പടന്നയിൽ ഉപ്പുവെള്ളം കയറി കൃഷിയും കുടിവെള്ള സ്രോതസും നശിക്കുന്നു
text_fieldsപടന്നയിൽ ചീപ്പ് കെട്ടി സംരക്ഷിക്കാത്തതിനാൽ കനോലി പുഴയിൽനിന്ന് ഉപ്പുവെള്ളം കയറുന്നു
ചേറ്റുവ: പടന്നയിൽ ചീപ്പ് കെട്ടാത്തതിനാൽ ഉപ്പുവെള്ളം കയറി കൃഷി നശിക്കുന്നു. മഴ മാറിയതോടെ ചേറ്റുവ കനോലി പുഴയിൽ ഉപ്പുവെള്ളമായി. ചീപ്പ് കെട്ടാത്തതിനാൽ വേലിയേറ്റത്തിൽ ഉപ്പുവെള്ളം ചീപ്പ് വഴി തോട്ടിലൂടെ ഒഴുകി പ്രദേശത്തെ പറമ്പുകളിലും കൃഷിയിടങ്ങളിലും എത്തുകയാണ്.
ഏങ്ങണ്ടിയൂരിലെ ആയിരംകണ്ണി ചേലോട് പരിസരപ്രദേശങ്ങളിലേക്ക് വരെ ഉപ്പുവെള്ളം എത്തുന്നുണ്ട്. ഇതുമൂലം പരിസരപ്രദേശത്തെ ശുദ്ധജല സ്രോതസ്സുകളിലേക്കും ഉപ്പുവെള്ളം കലരാൻ സാധ്യത ഏറെയാണ്. പുഴയിൽ ഉപ്പുവെള്ളം എത്തും മുമ്പ് ചീപ്പ് അടക്കാതിരുന്നതാണ് പ്രദേശം ഉപ്പുവെള്ള ഭീഷണി നേരിടാൻ കാരണം. അധികൃതരുടെ അനാസ്ഥയാണ് ചീപ്പ് കെട്ടാൻ വൈകാൻ കാരണം.
അടിയന്തരമായി ചീപ്പുകൾ അടച്ച് വേണ്ട നടപടി സ്വീകരിക്കണമെന്നും സാമൂഹിക പ്രവർത്തകൻ ലത്തീഫ് കെട്ടുമ്മൽ നേരത്തെ പഞ്ചായത്ത് അധികൃതരെ നേരിൽകണ്ട് പരാതി അറിയിച്ചിരുന്നു എന്നാൽ ഇതുവരെയും ചീപ്പ് അടക്കാനോ വേണ്ട നടപടി സ്വീകരിക്കാനോ അധികൃതർ തയാറായില്ല. ചീപ്പ് കെട്ടാൻ കരാറുകാരനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ് പഞ്ചായത്ത് അധികൃതരിൽനിന്ന് ലത്തീഫിന് ലഭിച്ച മറുപടി.
അതിനാൽ പഞ്ചായത്ത് അധികൃതർ അടിയന്തരമായി ഉപ്പുവെള്ളം അകത്തുകടക്കാത്ത രീതിയിൽ കെട്ടുറപ്പോടെ ചേറ്റുവ പടന്ന ചീപ്പ് അടച്ച് പ്രദേശത്തെ കൃഷിക്കാരെയും കുടിവെള്ള സ്രോതസ്സും സംരക്ഷിക്കണമെന്ന് ലത്തീഫ് കെട്ടുമ്മൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

