തിരൂരിൽ എ.ടി.എം തകർത്ത് കവർച്ചാശ്രമം
text_fieldsകവർച്ചാശ്രമം നടന്ന എ.ടി.എം വിരലടയാള വിദഗ്ധർ പരിശോധിക്കുന്നു
മുളങ്കുന്നത്തുകാവ്: തിരൂരിൽ എ.ടി.എം മെഷീൻ തകർത്ത് കവർച്ചാശ്രമം. കനറ ബാങ്കിെൻറ തിരൂർ എ.ടി.എം കൗണ്ടറാണ് ഗ്യാസ് കട്ടർ ഉപയോഗിച്ച് പൊളിക്കാൻ ശ്രമിച്ചത്. ഗ്യാസ് കട്ടറും സിലിണ്ടറും എ.ടി.എം കൗണ്ടറിന് സമീപത്തെ കാനയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പുലർച്ച പത്രവിതരണക്കാരനാണ് മോഷണ ശ്രമം പൊലീസിൽ അറിയിച്ചത്. പുലർച്ച രണ്ടരയോടെ പൊലീസ് ബീറ്റ് ഓഫിസർമാർ എ.ടി.എം കൗണ്ടർ പരിശോധിച്ച് പോയ ശേഷമാണ് സംഭവം. രണ്ട് സി.സി.ടി.വി കാമറകളാണ് സുരക്ഷക്കായുള്ളത്. കൗണ്ടറിനുള്ളിലെ കാമറയിൽ മോഷ്ടാവിെൻറ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഹെൽമെറ്റും കോട്ടും ധരിച്ചെത്തിയയാളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. പുറത്തെ സി.സി.ടി.വി കാമറയിൽ ദൃശ്യങ്ങൾ പതിയാതിരിക്കാൻ പെയിൻറ് സ്പ്രേ ചെയ്തതായും എ.ടി.എമ്മിലെ സുരക്ഷ അലറാം സംഭവസമയത്ത് പ്രവർത്തിച്ചില്ലെന്നും പൊലീസ് കണ്ടെത്തി.
പ്രഫഷനൽ മോഷ്ടാവല്ല സംഭവത്തിന് പിന്നിലെന്ന നിഗമനത്തിലാണ് പൊലീസ്. അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. പ്രദേശത്തെ മറ്റു സ്ഥലങ്ങളിലെയും വീടുകളിലേയും സി.സി.ടി.വി കാമറകൾ പരിശോധിക്കുന്നുണ്ട്. എ.സി.പി വി.കെ. രാജുവിെൻറ നേതൃത്വത്തിൽ പൊലീസ് സംഘവും വിരലടയാള വിദഗ്ധരും ഡോഗ്സ്ക്വാഡും പരിശോധന നടത്തി.