തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമം; ഒരാൾ അറസ്റ്റിൽ
text_fieldsഅന്തിക്കാട്: യുവാക്കളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കുപ്രസിദ്ധ ഗുണ്ട കായ്ക്കുരു രാഗേഷ് അറസ്റ്റിൽ. സെപ്റ്റംബർ 20ന് രാത്രി ചാഴൂർ പാറകുളത്തുള്ള പ്രവീഷ്, ആലപ്പാട്ടുള്ള ജയദാസ് എന്നിവരെയാണ് കാറിൽ തട്ടിക്കൊണ്ടുപോയി രാഗേഷിെൻറ നേതൃത്വത്തിലുള്ള സംഘം മർദിച്ച് വഴിയരികിൽ തള്ളിയത്. തുടർന്ന് ഒളിവിൽ പോയ പ്രതികളിൽ സിയാദ്, സലേഷ്, പ്രത്യുഷ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
തട്ടിക്കൊണ്ടുപോകൽ, കൊള്ള തുടങ്ങി 52 ക്രമിനൽ കേസുകളിൽ നിരവധി സ്റ്റേഷനുകളിൽ പ്രതിയായ കായ്ക്കുരു രാഗേഷിനെ അറസ്റ്റ് ചെയ്യാൻ പല സ്ഥലങ്ങളിൽ ശ്രമം നടന്നെങ്കിലും തന്ത്രപരമായി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥിെൻറ നിർദേശപ്രകാരം ഇരിങ്ങാലകുട ഡിവൈ.എസ്.പി സി.ആർ. രാജേഷിെൻറ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപവത്കരിച്ച് പലയിടങ്ങളിലും അന്വേഷണം നടത്തിവരുകയായിരുന്നു. അതിനിടെ കായ്ക്കുരു രാഗേഷ് കൊടൈക്കനാലിൽ ഉണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിെൻറ അടിസ്ഥാനത്തിൽ അന്തിക്കാട് ഇൻസ്പെക്ടർ പ്രശാന്ത് ക്ലിൻറിെൻറ നേതൃത്വത്തിൽ ഇവിടെ അന്വേഷണം നടത്തി വരവെയാണ് കൊടൈക്കനാലിൽനിന്ന് കസ്റ്റഡിയിൽ എടുത്തത്.
അന്വേഷണത്തിന് എസ്.ഐമാരായ കെ.എസ്. സുശാന്ത്, വി.എൻ. മണികണ്ഠൻ, എം.പി. മുഹമ്മദ് റാഫി എ.എസ്.ഐമാരായ എം. സുമൽ, കെ.എം. മുഹമ്മദ് അഷറഫ്, ജയകൃഷ്ണൻ, സി.എ. ജോബ്, സി.പി.ഒമാരായ പി.വി. വികാസ്, ശ്രീജിത്ത്, കെ.ബി. ഷറഫുദ്ദീൻ, അനൂപ് ലാലൻ, മാനുവൽ എന്നിവർ നേതൃത്വം നൽകി. പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

