നീർച്ചാലായി, നിരാശയായി അതിരപ്പിള്ളി
text_fieldsപുകമഞ്ഞിന്റെ പശ്ചാത്തലത്തിൽ അതിരപ്പിള്ളി വെള്ളച്ചാട്ടം നീർച്ചാലായി ഒഴുകുന്നു
അതിരപ്പിള്ളി: വേനൽ ശക്തമാകും മുമ്പ് അതിരപ്പിള്ളി നേരിയ നീർച്ചാലായി. പ്രതീക്ഷയോടെ പുതുവർഷം ആഘോഷിക്കാനെത്തുന്ന നിരവധി വിനോദ സഞ്ചാരികൾ നിരാശരായി മടങ്ങുകയാണ്.
കേരള ഷോളയാറിൽ നിന്ന് വൈദ്യുതി ഉൽപാദനത്തിന്റെ ഭാഗമായ ചെറിയ അളവിലുള്ള വെള്ളം മാത്രമാണ് പുഴയിലൂടെ ഒഴുകിയെത്തുന്നത്. വാഴച്ചാൽ വെള്ളച്ചാട്ടവും സഞ്ചാരികളെ നിരാശരാക്കുന്നു. തുമ്പൂർമുഴിയിൽ പുഴയിൽ പാറക്കെട്ടുകൾ മാത്രം ദൃശ്യമാകുന്ന അവസ്ഥയാണ്. മലയോര മേഖലയിൽ പുകമഞ്ഞു പടരുന്ന അനുകൂല സാഹചര്യമാണുള്ളത്.
പക്ഷേ, വെള്ളച്ചാട്ടം ദുർബലമായാൽ കാര്യങ്ങൾ വഷളാകും. വിനോദ സഞ്ചാര മേഖലക്ക് സഹായകമായ വിധത്തിൽ വൈദ്യുതോൽപാദനം ക്രമീകരിക്കണമെന്ന ആവശ്യം നേരത്തെ ഉള്ളതാണ്. അല്ലെങ്കിൽ ടൂറിസം മേഖല ഗുരുതരമായ പ്രതിസന്ധിയിലാകും. അതിരപ്പിള്ളിക്ക് മുകൾത്തട്ടിലെ അണക്കെട്ടുകളായ പെരിങ്ങൽക്കുത്തിലും കേരള ഷോളയാറിലും ജലനിരപ്പ് താഴ്ന്ന നിലയിലാണ്.
ആളിയാർ കരാർ പ്രകാരം തമിഴ്നാട്ടിൽ നിന്ന് കാര്യമായി ജലം ലഭിക്കാൻ സാധ്യതയില്ല. ജനുവരി ആദ്യവാരങ്ങളിൽ ഇതാണ് അവസ്ഥയെങ്കിൽ വേനൽ ശക്തമായ തുടർ മാസങ്ങളിൽ പുഴയുടെ അവസ്ഥ ഊഹിക്കാനേ കഴിയൂ. ഈ സാഹചര്യത്തിൽ വേനൽമഴ മാത്രമാണ് പ്രതീക്ഷ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.