വയോധികയെ വെട്ടിപ്പരിക്കേൽപിച്ച് നാടുവിട്ട കുപ്രസിദ്ധ ഗുണ്ട ഷാജഹാൻ പിടിയിൽ
text_fieldsപൊലീസ് സംഘം ഉത്തരാഖണ്ഡിൽ ഷാജഹാനെ പിടികൂടിയപ്പോൾ
അന്തിക്കാട്: വയോധികയെ വെട്ടിപ്പരിക്കേൽപിച്ച് നാടുവിട്ട പ്രതിയെ ഉത്തരാഖണ്ഡിൽനിന്ന് തൃശൂർ റൂറൽ പൊലീസ് സംഘം പിടികൂടി. കുപ്രസിദ്ധ ഗുണ്ട കായ്ക്കുരു രാഗേഷിന്റെ സംഘത്തിൽപെട്ട നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ചാഴൂർ സ്വദേശി പുതിയവീട്ടിൽ ഷെജിർ എന്നു വിളിക്കുന്ന ഷാജഹാനെയാണ് (29) അറസ്റ്റ് ചെയ്തത്. പെരിങ്ങോട്ടുകര സ്വദേശിനി കാതിക്കുടത്ത് വീട്ടിൽ ലീലയെയാണ് (63) ഇയാൾ വെട്ടിപ്പരിക്കേൽപിച്ചത്.
തൃശൂർ റേഞ്ച് ഡി.ഐ.ജി ഹരിശങ്കറിന്റെ നിർദേശപ്രകാരം തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാർ, ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. കെ.ജി. സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘമാണ് ഷാജഹാനെ പിടികൂടിയത്.
മാർച്ച് 17ന് പെരിങ്ങോട്ടുകര സ്വദേശിനി സൗമ്യയുടെ വീട്ടിൽ വടിവാളുമായി അതിക്രമിച്ചുകയറിയ ഷാജഹാനും മറ്റൊരു പ്രതി പെരിങ്ങോട്ടുകര സ്വദേശി ശ്രീബിനും സൗമ്യയുടെ മകൻ ആദിത്യ കൃഷ്ണനെ കൊല്ലുമെന്നു പറഞ്ഞ് ഭീഷണി മുഴക്കുകയായിരുന്നു. മകൻ ഇവിടെയില്ലെന്നു പറഞ്ഞപ്പോൾ സൗമ്യയെ കൊല്ലുമെന്ന് പറഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ബഹളംകേട്ട് ഇവിടെയെത്തിയ സൗമ്യയുടെ വല്യമ്മ ലീലയുടെ ഇടതു കൈയിലാണ് ഷാജഹാൻ വെട്ടിയത്. ആളുകൾ ബഹളംവെച്ചതോടെ പ്രതികൾ ഓടിരക്ഷപ്പെട്ടു. സംഭവത്തിൽ അന്തിക്കാട് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
പൊലീസ് അന്വേഷണം ഊർജിതമാക്കിയതോടെയാണ് സ്ഥിരം ക്രിമിനലായ ഷാജഹാൻ സംസ്ഥാനം വിട്ടത്. ട്രെയിൻ, ബസ് യാത്രകൾ ഒഴിവാക്കി ദീർഘദൂരം കാൽ നടയായിട്ടായിരുന്നു ഇയാളുടെ സഞ്ചാരം. മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിച്ചു. ഡൽഹിയിൽനിന്ന് 350 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച് ദിവസങ്ങളെടുത്താണ് ഇയാൾ ഉത്തരാഖണ്ഡിലെത്തിയത്.
കാട്ടൂർ സ്വദേശിനിയായ യുവതിയെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി മൊബൈൽ കവർന്നതിനും യുവതിയുടെ മകളെ ഉപദ്രവിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ഇയാൾക്കെതിരെ കേസുണ്ട്. ഇയാൾക്കെതിരെ യുവതി അന്തിക്കാട് സ്റ്റേഷനിൽ നൽകിയ കേസ് പിൻവലിക്കണമെന്ന് പറഞ്ഞാണ് ഭീഷണിപ്പെടുത്തിയതും അലമാരയിൽനിന്ന് പതിനാലായിരം രൂപയോളം വിലമതിക്കുന്ന മൊബൈൽ ഫോൺ കവർന്നതും. സംഭവം പൊലീസിലറിയിക്കാൻ ശ്രമിച്ചതിനാണ് യുവതിയുടെ മകളെ ഇയാൾ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതും.
കൂടെ ചെല്ലാനുള്ള ഷാജഹാന്റെ ആവശ്യം വിസമ്മതിച്ചതിന് യുവതിയുടെ വിഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഈ രണ്ടു സംഭവങ്ങൾക്ക് കാട്ടൂർ പൊലീസിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഷാജഹാനെ കുടുക്കിയത് പൊലീസിന്റെ ചടുല നീക്കങ്ങൾ
അന്തിക്കാട്: കേരള പൊലീസ് സംഘം സീതാർഗഞ്ച് പൊലീസിന്റെ സഹായത്തോടെ ‘ഓപറേഷൻ ഖാട്ടിമ’ എന്നു പേരിട്ട് നടത്തിയ ചടുല നീക്കത്തിലാണ് ഷാജഹാൻ അറസ്റ്റിലായത്. ഇയാളുടെ മുൻ ബന്ധങ്ങൾ നിരീക്ഷിച്ച് രഹസ്യമായി പിൻതുടർന്നെത്തിയാണ് തൃശൂർ റൂറൽ പൊലീസ് ഇയാളെ വലയിലാക്കിയത്.
ചെറിയ ദാബയിൽ പഞ്ചാബി വേഷത്തിൽ ക്ലീനിങ് ജോലി ചെയ്യുകയായിരുന്നു പ്രതി. മഫ്തിയിൽ സീതാർഗഞ്ച് പൊലീസിനൊപ്പം രണ്ടു ദിവസത്തെ രഹസ്യനിരീക്ഷണം നടത്തിയാണ് ഇയാളെ പിടികൂടിയത്. നിരവധി പ്രതിസന്ധികൾ കടന്നാണ് പൊലീസ് സംഘം സീതാർഗഞ്ചിലെത്തിയത്. സംഘം ഡൽഹിയിലെത്തിയപ്പോഴാണ് പാകിസ്താനുമായുള്ള യുദ്ധസാഹചര്യം ഉണ്ടായത്. തുടർന്ന് അന്വേഷണം പാതി വഴിയിൽ മുടങ്ങുമോയെന്ന് ആശങ്ക ഉയർന്നിരുന്നു.
ഉത്തരാഖണ്ഡ് കോടതിയിൽ ഹാജരാക്കിയശേഷമാണ് ഇയാളെ കേരളത്തിൽ എത്തിച്ചത്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം വെള്ളിയാഴ്ച തൃശൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഷാജഹാൻ അന്തിക്കാട് പൊലീസ് സ്റ്റേഷനിൽ കൊലപാതക ശ്രമമടക്കം ഏഴു ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കൂടാതെ വലപ്പാട്, കയ്പമംഗലം, കാട്ടൂർ പൊലീസ് സ്റ്റേഷനുകളിൽ കവർച്ച, വീടുകയറി ആക്രമണം, അടിപിടി എന്നിങ്ങനെ നിരവധി ക്രിമിനൽ കേസുകളുമുണ്ട്.
അന്തിക്കാട് പൊലീസ് ഇൻസ്പെക്ടർ എ.എസ്. സരിൻ, കാട്ടൂർ ഇൻസ്പെക്ടർ ഇ.യു. ബൈജു, എസ്.ഐമാരായ എം. അരുൺ കുമാർ, ജോസി ജോസ്, നൗഷാദ്, സീനിയർ സി.പി.ഒമാരായ ഇ.എസ്. ജീവൻ, കെ.എസ്. ഉമേഷ്, സുർജിത്ത് സാഗർ തുടങ്ങിയവരും ഷാജഹാനെ പിടികൂടിയ പൊലീസ് സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

