കാർ മോഷണം; യുവാക്കൾ പിടിയിൽ
text_fieldsഹാരിസ്, ഇജാസ്
കയ്പമംഗലം: പെരിഞ്ഞനത്ത് നിന്ന് കാറുകൾ മോഷ്ടിച്ച കേസിൽ രണ്ട് പേർ അറസ്റ്റിലായി. കയ്പമംഗലം ആശാരികയറ്റം സ്വദേശി ഇജാസ് (ഡുഡു -27), മതിലകം കൂളിമുട്ടം എമ്മാട് സ്വദേശി ഹാരിസ് (25) എന്നിവരെയാണ് തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 15ന് പുലർച്ചെയായിരുന്നു മോഷണം. മൂന്നുപീടിക സ്വദേശി മുഹമ്മദ് അനസിന്റെ പറമ്പിൽ പാർക്ക് ചെയ്തിരുന്ന ആറ് ലക്ഷം വിലവരുന്ന മാരുതി സ്വിഫ്റ്റ് കാറും 11 ലക്ഷം രൂപ വില വരുന്ന മാരുതി എർട്ടിഗ കാറുമാണ് പ്രതികൾ മോഷ്ടിച്ചത്. തുടർന്ന് പൊലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് മോഷ്ടിച്ച കാറുമായി പോവുകയായിരുന്ന പ്രതികളെ പിടികൂടിയത്. ഇജാസ് കയ്പമംഗലം, മതിലകം, വടക്കേക്കാട് പൊലീസ് സ്റ്റേഷനുകളിലായി വധശ്രമമുൾപ്പെടെ 21 കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

