വീടു കയറി യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
text_fieldsഷൈൻ
അന്തിക്കാട്: വീട് കയറി യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. മണലൂർ അയ്യപ്പൻകാവ് സ്വദേശി ചക്കാമത്തിൽ വീട്ടിൽ ഷൈൻ (35) എന്നയാളെയാണ് തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്. 2025 ഒക്ടോബർ 26ന് രാത്രി 9.30 ഓടെ കാരമുക്ക് വിളക്കുംകാൽ സ്വദേശി കിള്ളിയാടൻ വീട്ടിൽ വിഷ്ണു (28) എന്നയാളെയാണ് ആക്രമിച്ചത്.
പ്രതികളുമായി ഉണ്ടായ ഫോൺ സംഭാഷണത്തിന്റെ പേരിലുണ്ടായിരുന്ന പ്രശ്നങ്ങളെ തുടർന്നുള്ള വിരോധത്താൽ വിളക്കുംകാലിലുള്ള വീട്ടിലേക്ക് അതിക്രമിച്ച് കയറി വെട്ടുകത്തി കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിക്കുകയും വാഹനപകടത്തിൽ പരിക്കേറ്റ് വീട്ടിൽ വിശ്രമത്തിൽ കഴിയുകയായിരുന്ന വിഷ്ണുവിന്റെ സഹോദരനെ മുഖത്തിടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിലാണ് അറസ്റ്റ്.
കേസിലെ മറ്റ് പ്രതികളായ മണലൂർ മനക്കൊടി സ്വദേശി തട്ടിൽ വീട്ടിൽ വൈശാഖ് (33), മണലൂർ കോഓപറേറ്റീവ് പാല സ്റ്റോപ് സ്വദേശി അഖിൽ (35) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഷൈൻ അന്തിക്കാട്, പാവർട്ടി പൊലീസ് സ്റ്റേഷൻ പരിധികളിലായി പൊതുസ്ഥലത്ത് സ്ത്രീകളുടെ അന്തസ്സിനെ ഹനിക്കുന്ന പ്രവർത്തി ചെയ്ത കേസിലും മയക്കുമരുന്ന് ഉപയോഗിച്ച ഒരു കേസിലും മദ്യലഹരിയിൽ മനുഷ്യ ജീവന് അപകടം വരത്തക്കവിധം വാഹനമോടിച്ച ഒരു കേസിലും അടക്കം മൂന്ന് ക്രിമിനൽക്കേസിലെ പ്രതിയാണ്. അന്തിക്കാട് സി.ഐ. വി.എൻ. കേഴ്സണും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

